രാസലഹരിക്കേസില്‍ യുവാവിന് 22 വര്‍ഷം തടവ്: രണ്ടു പേര്‍ക്ക് പത്ത് വര്‍ഷം തടവ്

എന്‍ഡിപിഎസ് നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ച സംസ്ഥാനത്തെ ആദ്യ പ്രതിയാണ് അഷ്‌കര്‍ അഷ്‌റഫ്‌

Update: 2024-10-24 09:31 GMT


കോട്ടയം: രാസലഹരിക്കേസില്‍ യുവാവിന് 22 വര്‍ഷം തടവ് ശിക്ഷ. കൂട്ടുപ്രതികളായ മറ്റു രണ്ടു പേരെ പത്ത് വര്‍ഷം തടവിനും ശിക്ഷിച്ചു. എരുമേലി സ്വദേശിയായ അഷ്‌കര്‍ അഷറഫി(26)നെയാണ് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എന്‍ ഹരികുമാര്‍ 22 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അന്‍വര്‍ഷാ (23), അഫ്‌സല്‍ അലിയാര്‍ (22) എന്നിവര്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാല്‍ 10 വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

2023 മേയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണും പാര്‍ട്ടിയും ചേര്‍ന്ന് പാലായില്‍ വച്ചാണ് 76.9366 ഗ്രാം മെത്താംഫിറ്റമിന്‍, 0.1558 മില്ലീ ഗ്രാം (9 എണ്ണം) എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി അഷ്‌കര്‍ അഷറഫ് നേരത്തെ കഞ്ചാവ് കേസില്‍ പിടിയിലായിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുമ്പോഴാണ് പുതിയ കേസില്‍ വീണ്ടും അറസ്റ്റിലാവുന്നത്. തുടര്‍ന്ന് എന്‍ഡിപിഎസ് നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. സംസ്ഥാനത്ത് ആദ്യമായി ഈ വ്യവസ്ഥ ചുമത്തപ്പെട്ട വ്യക്തിയാണ് അഷ്‌കര്‍ അഷ്‌റഫ്.
കോട്ടയം ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ ആര്‍ ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു കേസിന്റെ അന്വേഷണവും കരുതല്‍ തടങ്കല്‍ നടപടികളും നടന്നത്. കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന ആര്‍ രാജേഷ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി രാജേഷ് ഹാജരായി.

Similar News