കര്‍ണാടകയിലും കനത്ത മഴ: ബംഗളൂരു നഗരം വെള്ളത്തില്‍; വിമാനത്താവളത്തിലേയ്ക്ക് യാത്രക്കാരെത്തുന്നത് ട്രാക്ടറില്‍ (വീഡിയോ)

ചെറുവാഹനങ്ങള്‍ പോവാന്‍ കഴിയാതെ വന്നതോടെ ട്രാക്ടറിലാണ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയത്. നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിലാണ്.

Update: 2021-10-12 07:34 GMT

ബംഗളൂരു: കര്‍ണാടകയിലും കനത്ത മഴ തുടരുന്നു. ബംഗളൂരു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം കയറിയ വീട്ടില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചതായാണ് റിപോര്‍ട്ടുള്ളത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡില്‍ വെള്ളം കയറിയതിനാല്‍ യാത്രക്കാര്‍ കുടുങ്ങി. ചെറുവാഹനങ്ങള്‍ പോവാന്‍ കഴിയാതെ വന്നതോടെ ട്രാക്ടറിലാണ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയത്. നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. കനത്ത മഴയില്‍ വിമാനത്താവളത്തിലും വെള്ളം കയറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എയര്‍പോട്ടിലേക്കുള്ള മിക്ക റോഡുകളിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ടെര്‍മിനലിലെ പിക് അപ്പ്, ഡ്രോപ്പ് ഇന്‍ പോയിന്റുകളില്‍ വെള്ളം കയറി. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ബംഗളൂരുവില്‍നിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകിയിരുന്നു. ഹൈദരാബാദ്, മംഗളൂരു, ചെന്നൈ, പൂനെ, കൊച്ചി, മുംബൈ, പനജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്. 11 വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിങ്, ഡിപാര്‍ച്ചര്‍ പ്രതിസന്ധി നേരിട്ടത്. താഴ്ന്ന പ്രദേശങ്ങളിലാണ് സ്ഥിതി കൂടുതല്‍ വഷളായത്.

പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നതിന് ട്രാക്ടറിനെ ആശ്രയിക്കേണ്ടിവന്നതിന്റെ വീഡിയോ യാത്രക്കാര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ഒക്ടോബറില്‍ ബംഗളൂരുവില്‍ രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ 1 മുതല്‍ 9 വരെ ബംഗളൂരു അര്‍ബന്‍ ജില്ലയില്‍ 78 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്, സാധാരണ 61 മില്ലീമീറ്ററാണ്. ഇപ്പോള്‍ 28 ശതമാനം കൂടുതലാണെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്തനിരീക്ഷണ കേന്ദ്രം (കെഎസ്എന്‍ഡിഎംസി) അറിയിച്ചു.

അടുത്ത രണ്ടാഴ്ചകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ നഗരം മുമ്പത്തെ എല്ലാ റെക്കോര്‍ഡുകളും മറികടക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ആഗസ്ത് മാസത്തില്‍ ബംഗളൂരു വിമാനത്താവളത്തില്‍ വെള്ളം കയറിയത് വലിയ വാര്‍ത്തയായി.

നഗരത്തില്‍ കനത്ത മഴ പെയ്തതോടെ എയര്‍പോര്‍ട്ടിന്റെ ആഭ്യന്തര ടെര്‍മിനല്‍ മേല്‍ക്കൂര ചോര്‍ന്നതിനാലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒക്ടോബര്‍ 15 വരെ കര്‍ണാടക തീരത്തും തെക്കന്‍ ഉള്‍പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News