അതിശക്ത മഴ: വയനാട് റെഡ് അലര്‍ട്ട്; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Update: 2024-07-17 11:10 GMT

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ മാത്രമാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്കുള്ള സാധ്യതുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ കേരള തീരത്ത് മത്സ്യബന്ധനവും വിലക്കി.

കുറഞ്ഞ സമയം കൊണ്ട് വലിയ അളവിലുള്ള മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കൊച്ചി: പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടന്‍ തൊട്ടില്‍ ജോമോന്റെ വീട്ടുമുറ്റത്തേക്ക് ഇന്നലെ രാത്രിയിലെ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞു വീണു. രാത്രി 10.30ന് ഉദ്ദേശ്യം 40 അടി ഉയരത്തില്‍നിന്നും മണ്ണും കല്ലും ഇടിഞ്ഞ് വീട്ടിലേക്കു വീഴുകയായിരുന്നു. കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന മുറിയിലേക്കാണു മണ്ണും കല്ലും പതിച്ചതെങ്കിലും ആര്‍ക്കും പരിക്കില്ല. പട്ടിമറ്റം അഗ്‌നി രക്ഷാനിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സതീഷ് ചന്ദ്രന്‍, വി.വൈ. ഷമീര്‍, അരവിന്ദ് കൃഷണന്‍, ആര്‍.രതീഷ്, വി.പി.ഗഫൂര്‍, സുനില്‍ കുമാര്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നു വീട്ടിലെ ആവശ്യ സാധനങ്ങള്‍ വീണ്ടെടുത്തശേഷം കുടുംബത്തെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്കു മാറ്റി. ജോമോന്‍ മാത്യു, ഭാര്യ സൗമ്യ മക്കളായ അല്‍ന ജോമോന്‍ (17), ആല്‍ബിന്‍ (10) എന്നിവരെയാണു മാറ്റിപ്പാര്‍പിച്ചത്. ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീടാണ്.

പറവൂര്‍ താലൂക്ക് കടുങ്ങല്ലൂര്‍ വില്ലേജ് കുറ്റിക്കാട്ടുകര സര്‍ക്കാര്‍ സ്‌കൂളില്‍ തുറന്നിട്ടുള്ള ക്യാംപില്‍ നിലവില്‍ 12 കുടുംബങ്ങളിലായി 54 പേരുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിക്കയിടങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കല്‍പ്പറ്റ ബൈപ്പാസിലെ മലമുകളില്‍ നിന്ന് വെളളവും പാറകഷ്ണങ്ങളും റോഡിലേക്ക് ഒഴുകിയെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് റോഡ് ഗതാഗത യോഗ്യമായി. പുലര്‍ച്ചെ മൂന്നുമണി മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സും ജെസിബിയുടെ സഹായ ത്തോടെ വലിയ പരിശ്രമങ്ങളാണ് നടത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.


Tags:    

Similar News