'തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടില്‍'; ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സര്‍ക്കാരിനെതിരേ ടി പത്മനാഭന്‍

Update: 2024-08-29 09:36 GMT

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍. തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണെന്നും നാലര വര്‍ഷം സര്‍ക്കാര്‍ റിപോര്‍ട്ടിന്‍മേല്‍ അടയിരുന്നുവെന്നും ടി പത്മനാഭന്‍ പറഞ്ഞു. വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാന്‍ പറഞ്ഞ ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ നിന്ന് കുറേ കടലാസുകള്‍ സര്‍ക്കാര്‍ അമുക്കി വച്ചു. ഇത് എന്തിനായിരുന്നു. സര്‍ക്കാര്‍ ഇരയക്കൊപ്പമാണെന്നാണ് പറയുന്നത്. എന്നാല്‍ അവര്‍ അങ്ങനെയാണോ.

    ധീരയായ ഒരു പെണ്‍കുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപോര്‍ട്ട്. റിപോര്‍ട്ടിലെ കുറേ പേജുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. അതിലാണ് ഏറ്റവും വലിയ തിമിംഗലങ്ങളെ കുറിച്ചുള്ള പ്രസ്താവനകള്‍ ഉള്ളത്. പുറത്തുവന്ന ചുരുക്കം ചില കടലാസുകളില്‍ നിന്നാണ് കുറേ ബിംബങ്ങള്‍ പുറത്തേക്ക് തെറിച്ചു വീണത്. 'അമ്മ' എന്ന സംഘടന എന്തിനായിരുന്നു. താര ഷോ സംഘടിപ്പിക്കും. ദരിദ്രരായ കലാകാരന്മാര്‍ക്ക് മാസവേതനം നല്‍കും. എന്നാല്‍ ഇതിന്റെയൊക്കെ മറവില്‍ ചെയ്തിരുന്നത് വളരെ സങ്കടകരമായ പ്രവൃത്തികളാണല്ലോ. ഇപ്പോള്‍ ഓരോന്നോരോന്നായി പുറത്തുവരികയാണ്. വിഷയത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തിട്ടേ ഇല്ല. അറിഞ്ഞ ഭാവം തന്നെ വന്നത് ഇപ്പോഴല്ലേ. ഇങ്ങനെ ഒരു സംഘടനയെക്കൊണ്ട് എന്താണ് ഒരു ഉപകാരം എന്ന് സ്വയം ചോദിച്ചു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

    മുകേഷിന്റെ കാര്യത്തില്‍ ഇടതുപക്ഷം പുനര്‍വിചിന്തനം നടത്തണം. മുകേഷിനെ നയരൂപീകരണ കമ്മിറ്റിയില്‍ ഇപ്പോഴും വച്ചിരിക്കുകയാണ്. ഇതില്‍ എന്ത് മെച്ചമാണെന്ന് അറിയില്ല. ഹേമ കമ്മിഷന്‍ അല്ലാതെ ഹേമാ കമ്മിറ്റിയെയാണ് വെച്ചത്. കമ്മിറ്റി വളരെ ശക്തിയുള്ള ഏര്‍പ്പാടല്ല. കമ്മീഷന്‍ ആയിരുന്നെങ്കില്‍ വളരെ ബലമുള്ളതാണ്. അവര്‍ക്ക് പല നടപടികളും മറ്റൊരാളോട് ചോദിക്കാതെ സ്വയമേവ എടുക്കാന്‍ കഴിയുമായിരുന്നു. മുകേഷിനെ പാര്‍ട്ടി രാജിവയ്പിക്കണം. അതിനൊന്നും ഇടവരുത്താതെ മുകേഷ് സ്വയം മാറി നില്‍ക്കുന്നതായിരിക്കും മുകേഷിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News