ബന്ദിമോചനം: വീണ്ടും വെടിനിര്‍ത്തലിന് സന്നദ്ധമെന്ന് ഇസ്രായേല്‍ പ്രസിഡന്റ്
ജെറുസലേം: ഹമാസ് പോരാളികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ മറ്റൊരു വിദേശരാജ്യത്തിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ സന്നദ്ധത അറിയിച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗ്. ബന്ദികളുടെ മോചനം സാധ്യമാക്കുന്നതിന് ഇസ്രായേല്‍ മറ്റൊരു താല്‍ക്കാലിക വെടിനിര്‍ത്തലിനും അധിക മാനുഷിക സഹായത്തിനും തയ്യാറാണെന്ന് അംബാസഡര്‍മാരുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതായി ഓഫിസ് അറിയിച്ചു. എന്നാല്‍, ഇതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഹമാസ് നേതാവ് യഹ് യ സിന്‍വാറിനും മറ്റു നേതൃത്വത്തിനുമാണെന്നും അദ്ദേഹം പറഞ്ഞു. 80 രാജ്യങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം അംബാസഡര്‍മാരുടെ സമ്മേളനത്തിലാണ് ഇസാഖ് ഹെര്‍സോഗ് സന്നദ്ധത അറിയിച്ചത്. ഗസയിലേക്ക് സഹായം എത്തിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അന്താരാഷ്ട്ര സംഘടനകളോട് ഹെര്‍സോഗ് അഭ്യര്‍ഥിച്ചതായും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം ഏഴു ദിവസത്തെ ഇടവേളയില്‍ 105 ബന്ദികളെ മോചിപ്പിച്ചിരുന്നു.