മാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല തുടങ്ങി 12 പേര്‍ക്ക് നോട്ടീസ്

Update: 2023-12-08 07:04 GMT

കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ് ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങി 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹരജിയിലാണ് എതിര്‍ കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്ക് ഉള്‍പ്പെടെ സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരേ പരാതിക്കാരനായ ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിച്ചു. ഹരജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്ന് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റാണെന്നും കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടിരുന്നു. കേസുമായി മുന്നോട്ടുപോവുന്നില്ലെന്ന് ഗിരീഷ് ബാബുവിന്റെ ബന്ധുക്കള്‍ കോടതിയെ അറിയിച്ചെങ്കിലും പുനഃപരിശോധന ഹരജിയായതിനാല്‍ വാദമടക്കം നടപടികള്‍ ജസ്റ്റിസ് കെ ബാബു തുടരുകയായിരുന്നു. ഹരജിയില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. അഖില്‍ വിജയിയെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിക്കുകയും ചെയ്തു. പണം നല്‍കിയത് സംബന്ധിച്ച പട്ടികയിലുള്ള ചുരുക്കപ്പേരുകള്‍ ആരുടേതെന്ന് പരിശോധിക്കപ്പെടണമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News