രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടി; അയോഗ്യത തുടരുമെന്ന് ഗുജറാത്ത് ഹൈക്കോടതി

Update: 2023-07-07 05:53 GMT

അഹമ്മദാബാദ്: മോദി വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ, രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ കുറ്റക്കാരനാണെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബെഞ്ച് വ്യക്തമാക്കി. പത്തിലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരേ ഉണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

    2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് അയോഗ്യതയ്ക്കു കാരണമായത്. എല്ലാ കള്ളന്‍മാരുടെ പേരിലും മോദി എന്നുള്ളത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരേ മോദി സമുദായത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. ഹര്‍ജിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിഷയായ രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതോടെ രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. ഇതിനു പിന്നാലെയാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Tags:    

Similar News