ഹിജാബ് നിരോധനം: കര്‍ണാകടയില്‍ ഇന്ന് ബന്ദ്

മതാചാരങ്ങള്‍ പാലിച്ചും വിദ്യാഭ്യാസം നേടാനാകുമെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്താന്‍ സമാധാനപരമായി ബന്ദ് ആചരിക്കണമെന്ന് മൗലാനാ സഗീര്‍ അഹമ്മദ് ഖാന്‍ റഷാദ് ആവശ്യപ്പെട്ടു.

Update: 2022-03-17 01:37 GMT

ബെംഗളൂരു: അനിവാര്യ മതാചാരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ ഇന്ന് കര്‍ണാടകയില്‍ ബന്ദ്. ശരീഅത്ത് അമീര്‍ മൗലാന സഗീര്‍ അഹമ്മദ് ഖാന്‍ റഷാദാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

മതാചാരങ്ങള്‍ പാലിച്ചും വിദ്യാഭ്യാസം നേടാനാകുമെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്താന്‍ സമാധാനപരമായി ബന്ദ് ആചരിക്കണമെന്ന് മൗലാനാ സഗീര്‍ അഹമ്മദ് ഖാന്‍ റഷാദ് ആവശ്യപ്പെട്ടു. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കരുത്. വിധിയില്‍ അങ്ങേയറ്റം ദുഖമുണ്ടെന്നും ഇതിനെതിരേ പ്രതികരിക്കേണ്ടതുണ്ടെന്നും മൗലാന സഗീര്‍ അഹമ്മദ് ഖാന്‍ റഷാദ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഈ പ്രതിഷേധം തികച്ചും നിശബ്ദവും സമാധാനപരവും ആയിരിക്കണം. ബന്ദ് കോടതി വിധിക്കെതിരേയുള്ള നമ്മുടെ രോഷം പ്രകടിപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം യുവാക്കളോടായി പറഞ്ഞു. ബന്ദിന് കര്‍ണാടകയിലെ പ്രധാനപ്പെട്ട പത്ത് മുസ്‌ലിം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഹാരിസും വ്യക്തമാക്കി.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. അതേസമയം, ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ബുധനാഴ്ച ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ചിക്ക്മംഗളൂരു, ഹാസ്സന്‍, റെയ്ച്ചൂര്‍ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരേ മുസ്‌ലിം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു വിധി.

അതേസമയം, കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ സുപ്രീം കോടതി ഈ ആഴ്ച പരിഗണിക്കില്ല. ഹര്‍ജികള്‍ ഹോളി അവധിക്കുശേഷം പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇന്നുമുതല്‍ ശനി വരെയാണ് ഹോളി അവധി. അതിനുശേഷം തിങ്കളാഴ്ചയാകും കോടതി ഇനി ചേരുക.

Tags:    

Similar News