ഹിജാബ് നിരോധനം വ്യക്തി - മതസ്വാതന്ത്ര്യങ്ങളുടെ നിഷേധം: പോപുലര്‍ ഫ്രണ്ട്

യൂണിഫോമിന്റെ പേരില്‍ ഏകീകൃതത്വം അടിച്ചേല്‍പ്പിക്കുകയാണ്. മുസ്‌ലിം മതസ്വാതന്ത്ര്യത്തിനെതിരേ നടപടിയെടുക്കാന്‍ ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പുതിയ സാംസ്‌കാരിക ആചാരങ്ങള്‍ അവതരിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

Update: 2022-02-13 13:17 GMT

കോഴിക്കോട്: കര്‍ണാടകയിലെ ഹിജാബ് നിരോധനവും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും മതസ്വാതന്ത്ര്യ നിഷേധവും മുസ്‌ലിം സ്വത്വത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. ഏത് വസ്ത്രം ധരിക്കണമെന്നത് തിരഞ്ഞെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തെയാണ് ഇതിലൂടെ റദ്ദ് ചെയ്യുന്നത്. യൂണിഫോമിന്റെ പേരില്‍ ഏകീകൃതത്വം അടിച്ചേല്‍പ്പിക്കുകയാണ്. മുസ്‌ലിം മതസ്വാതന്ത്ര്യത്തിനെതിരേ നടപടിയെടുക്കാന്‍ ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പുതിയ സാംസ്‌കാരിക ആചാരങ്ങള്‍ അവതരിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ലോകമെമ്പാടുമുള്ള മുസ്‌ലിം സ്ത്രീകള്‍ നൂറ്റാണ്ടുകളായി ശിരോവസ്ത്രം അവരുടെ സ്വത്വത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്നതാണ്. എന്നാല്‍, കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുസ്‌ലിം പെണ്‍കുട്ടികളോട് അവരുടെ വിദ്യാഭ്യാസത്തിനും വ്യക്തിത്വത്തിനും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുന്ന അതിക്രൂരമായ സാഹചര്യം സൃഷ്ടിച്ചു. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ ധീരരായി തങ്ങളുടെ അവകാശത്തിനായി ഉറച്ചുനിന്നപ്പോള്‍ ഹിന്ദുത്വവാദികളായ ആണ്‍കുട്ടികള്‍ അവരെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹപാഠികളുടെ അവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനുമെതിരേ നൂറുകണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തെരുവിലിറങ്ങുന്നത് ഏതൊരു പരിഷ്‌കൃത സമൂഹത്തിനും നാണക്കേടാണ്.

വിദ്വേഷത്താല്‍ പ്രചോദിതരായ ആള്‍ക്കൂട്ടങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തുകയാണ്. മുസ്‌ലിം പെണ്‍കുട്ടികളെ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ മുസ്‌ലിം വിരുദ്ധ ശക്തികളുമായി കൈകോര്‍ക്കുന്നുവെന്ന് വേണം കരുതാന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുസ്‌ലിം ചിഹ്നങ്ങള്‍ക്കെതിരായ അസഹിഷ്ണുത മനഃപൂര്‍വ്വം പ്രചരിപ്പിക്കപ്പെടുകയാണ്. ഹലാല്‍ ഭക്ഷണത്തിനും മുസ്‌ലിം ചിഹ്നങ്ങള്‍ക്കും നേരെ നിരന്തം ആക്രമണം നടത്തുന്ന സംഘപരിവാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് സ്ത്രീകളുടെ ഇസ്‌ലാമിക വസ്ത്രധാരണത്തെയാണ്. രാജ്യത്ത് മുസ്‌ലിമായിരിക്കുന്നത് ശരിയല്ലെന്ന പ്രതീതിയാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെയോ രാജ്യത്തിന്റെ ബഹുസ്വര സാമൂഹിക ഘടനയെയോ അവര്‍ പരിഗണിക്കുന്നില്ല. ഫാസിസത്തിന്റെ സ്വഭാവവും ഇത് തന്നെയാണ്.

നമ്മുടെ രാജ്യവും അതിന്റെ സ്ഥാപനങ്ങളും കാലങ്ങളായി ബഹുമത വിശ്വാസങ്ങളെ ബഹുമാനിക്കുകയും ഏകത്വം കൊണ്ടുവരികയുമാണ് ചെയ്തിട്ടുള്ളത്. എല്ലാ മതസ്ഥര്‍ക്കും അവരുടെ വ്യക്തിത്വത്തില്‍ വീഴ്ച ചെയ്യാതെ വിദ്യാഭ്യാസം നേടാനും പൊതുജീവിതം കൊണ്ടുപോവാനും അവകാശമുണ്ട്. അതിനാല്‍ ഹിജാബിനെതിരായ ഏത് തീരുമാനവും മുസ്ലിംകളെ വിദ്യാഭ്യാസത്തില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും അകറ്റുന്നതിനും ഒഴിവാക്കുന്നതിനും തുല്യമായിരിക്കും. മുസ്ലിം പെണ്‍കുട്ടികളുടെ പോരാട്ടത്തിനൊപ്പം പോപുലര്‍ ഫ്രണ്ട് നിലകൊള്ളും. യാതൊരു വിവേചനവും നേരിടാതെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാനുള്ള അവരുടെ അവകാശം കര്‍ണാടക ഹൈക്കോടതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രമേയം വിലയിരുത്തി.


Tags:    

Similar News