ഹിജാബ് വിലക്ക്; പ്രതിഷേധമിരമ്പി കര്‍ണാടക ഹര്‍ത്താല്‍; കടകള്‍ അടച്ച് കച്ചവടക്കാരുടെ ഐക്യദാര്‍ഢ്യം

Update: 2022-03-17 17:25 GMT

സ്വന്തം പ്രതിനിധി

മംഗളൂരു: ഹിജാബ് വിലക്കിനെതിരേ അമീറെ ശരീഅയുടെ കീഴില്‍ മുസ്‌ലിം സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ വന്‍ വിജയം. സംസ്ഥാനത്ത് മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ ചിലയിടങ്ങളില്‍ ദലിത്-ക്രൈസ്ത വിഭാഗങ്ങളും കടകള്‍ അടച്ച് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നഗരങ്ങള്‍ വിജനമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ബിജെപി, ആര്‍എസ്എസ് കേന്ദ്രങ്ങളിലടക്കം ബസുകളും ഓട്ടം നിര്‍ത്തിയിരുന്നു.

പത്തോളം പ്രമുഖ മുസ്‌ലിം സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ബല പ്രയോഗമോ ബാഹ്യ സമ്മര്‍ദ്ദമോ ഇല്ലാതെ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി ഹര്‍ത്താലുമായി സഹകരിച്ചു. വിഭാഗീയതകള്‍ക്കതീതമായ മുസ്‌ലിം ഐക്യമാണ് എങ്ങും പ്രകടമായത്.

ബിജെപി ഭരണ കൂടത്തിന്റെയും ജുഡീഷ്യറിയുടേയും ശരീഅത്ത് നിരാസത്തിനെതിരെ രാജ്യത്തിനു തന്നെ മാതൃകയായ സമുദായ ഐക്യവും മുന്നേറ്റവും വ്യക്തമാക്കുന്നതായിരുന്ന ഹര്‍ത്താല്‍ വിജയം. അമീറെ ശരീഅ എന്ന കൂട്ടായ്മയുടെ കീഴില്‍ മുസ്‌ലിം സമുദായത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധത്തിനാണ് കര്‍ണാടക ഇന്ന് സാക്ഷ്യം വഹിച്ചത്.

കര്‍ണാടക, അമീറെ ശരീഅയില്‍ എല്ലാ ജമാത്തുകളും ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ രണ്ടു വിഭാഗങ്ങളും, അഹ്‌ലെ ഹദീസ്, ജമാഅത്തെ ഇസ്‌ലാമി, സുന്നത്ത് ജമാഅത്ത്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ തുടങ്ങിയ പത്തോളം പ്രധാന സംഘടനകള്‍ ഉള്‍പ്പെടുന്നു.

എല്ലാ സംഘടനകളുടെയും ആഹ്വാന പ്രകാരമായിരുന്നു ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടന്നത്. മുസ് ലിംകളുടെ എല്ലാ കട കമ്പോളങ്ങളും അടഞ്ഞു. വാഹന ഗതാഗതത്തെ ഹര്‍ത്താല്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനു പിന്നാലെ പ്രത്യക്ഷ പ്രതിഷേധവുമായി ഒട്ടേറെ സംഘടനകള്‍ രംഗത്തെത്തിയത്. ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധി മൗലികാവകാശ ലംഘനമെന്നതിലുപരി ശരീഅത്ത് വിരുദ്ധമാണെന്നാണ് പൊതു വിലയിരുത്തല്‍.

Tags:    

Similar News