തെല്‍ അവീവിലേക്ക് പറന്നെത്തി ഹിസ്ബുല്ല ഡ്രോണുകള്‍: കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം
തെക്കന്‍ ലെബനാനില്‍ നിന്ന് 100 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഡ്രോണുകള്‍ സ്‌ഫോടനം നടത്തിയത്
ബെയ്‌റൂത്ത്: ഇസ്രായേലിന്റെ കോട്ടക്കൊത്തളങ്ങളിലേക്ക് പറന്നെത്തി ഹിസ്ബുല്ല ഡ്രോണുകള്‍. രണ്ടു കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം. തെക്കന്‍ ലെബനാനില്‍ നിന്ന് നൂറു കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിച്ചെത്തിയ രണ്ടു ഡ്രോണുകളാണ് സ്‌ഫോടനം തെല്‍ അവീവില്‍ സ്‌ഫോടനം നടത്തിയതെന്ന് അല്‍ മയാദീന്‍ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഈ ഡ്രോണുകളെ തടയാന്‍ വ്യോമപ്രതിരോധ സംവിധാനത്തിന് കഴിഞ്ഞില്ലെന്ന് സയണിസ്റ്റ് സൈന്യവും അറിയിച്ചു.
ഇറാഖില്‍ നിന്നോ യെമനില്‍ നിന്നോ ആവാം ഡ്രോണുകള്‍ എത്തിയതെന്നാണ് സയണിസ്റ്റ് സൈന്യം ആദ്യം സംശയിച്ചത്. എന്നാല്‍, ഹിസ്ബുല്ലയാണ് പിന്നിലെന്ന് പിന്നീടാണ് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. തെല്‍ അവീവിലെ ഒരു കെട്ടിടത്തിന് നേരെയും വൈദ്യുതി വിതരണ സംവിധാനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇതോടെ തെല്‍ അവീവിലെ ഹെര്‍സ്‌ലിയ പ്രദേശം ഇരുട്ടിലായി. കുടിയേറ്റക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹെര്‍സ്‌ലിയ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.
അതേസമയം, ലെബനാനില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈനികരില്‍ 20 പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരിക്കേറ്റു. നാലു പേര്‍ക്ക് ഹിസ്ബുല്ലയുടെ ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റത്. ഇവരെ കൊണ്ടുപോവാന്‍ എത്തിയ ഹെലികോപ്റ്ററിന് നേരെയും ആക്രമണമുണ്ടായി.
തെക്കന്‍ ലെബനാനില്‍ അധിനിവേശം തുടങ്ങിയതിന് ശേഷം 12 സയണിസ്റ്റ് സൈനികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്ലാമിക് പ്രതിരോധ ഓപ്പറേഷന്‍ റൂം അറിയിച്ചിരിക്കുന്നത്.