ഹൂതി മിസൈല്‍ ആക്രമണം; ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചു

Update: 2024-01-27 05:01 GMT
ഹൂതി മിസൈല്‍ ആക്രമണം; ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചു

ലണ്ടന്‍: ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തിന് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് എണ്ണക്കപ്പലിനുനേരെ ഹൂതി മിസൈല്‍ ആക്രമണം. എണ്ണക്കപ്പല്‍ കത്തിനശിച്ചു. ഏദന്‍ ഉള്‍ക്കടലില്‍ വച്ചാണ് മര്‍ലിന്‍ ലുവാന്‍ഡ എന്ന എണ്ണക്കപ്പലിനു നേരെ ആക്രമണമുണ്ടായത്. ആക്രമിക്കപ്പെട്ട കാര്യം കപ്പല്‍ അധികൃതരും സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് കപ്പലില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതായി യുഎസ് വൃത്തങ്ങളും അറിയിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഏദനില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്ക് കിഴക്ക് വച്ചായിരുന്നു ആക്രമണമെന്ന് യുകെഎംടിഒ(യുകെ മാരിടൈം ട്രേഡ് ഓപറേഷന്‍സ്) അറിയിച്ചു. സൈനിക കപ്പല്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീയണയ്ക്കാന്‍ ആവശ്യമായതെല്ലാം ചെയ്തതായും കപ്പല്‍ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു.

    അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീനികള്‍ക്ക് വേണ്ടിയാണെന്ന് ആക്രമണമെന്ന് ഹൂതി വക്താവ് ജനറല്‍ യഹ് യാ സാരി പറഞ്ഞു. ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന കൂട്ടക്കുരുതിയെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കു നേരെ ചെങ്കടലില്‍ ആക്രമണമുണ്ടാവുമെന്ന് നേരത്തേ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏതാനും കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ, യുഎസ്-യുകെ സഖ്യകക്ഷി യമനു നേരെ ആക്രമണം നടത്തിയിരുന്നു.

Tags:    

Similar News