മുസ്‌ലിം വ്യാപാരിയെ പശുഗുണ്ടകള്‍ ആക്രമിച്ചു; യുവമോര്‍ച്ച നേതാവ് അടക്കം പിടിയില്‍
ഹൈദരാബാദ്: ഹിന്ദുത്വ പശുഗുണ്ടകള്‍ മുസ്‌ലിം വ്യാപാരിയെ ആക്രമിച്ചു. ഹൈദരാബാദിലെ ഘാട്ട്‌കേസര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കന്നുകാലികളെ വണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന അമീര്‍ ഖുറൈശിയൊണ് യുവമോര്‍ച്ച നേതാവ് അടക്കമുള്ള സംഘം ആക്രമിച്ചത്. ബുധനാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
ചന്തയില്‍ നിന്ന് വാങ്ങിയ ആറു കന്നുകാലികളുമായി ഹൈദരാബാദിലേക്ക് പോവുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് പോലിസ് പറഞ്ഞു. യുവമോര്‍ച്ച മേഡ്ചാല്‍ ജില്ലാ പ്രസിഡന്റ് പവന്‍ റെഡ്ഡി അടക്കമുള്ളവരാണ് വണ്ടി തടഞ്ഞ് ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തു. എഐഎംഐഎം എംഎല്‍എ മിര്‍സ റഹ്മത്ത് ബൈഗ് അടക്കമുള്ളവര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി പ്രതികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അമീര്‍ ഖുറൈശി ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.