'ആളെ കിട്ടിയാലല്ലേ പറയാന്‍ പറ്റൂ'; എൽദോസ് എവിടെയെന്നറിയില്ല: വി ഡി സതീശന്‍

എല്‍ദോസിനെ ഇന്നലെയും ഇന്നും പലതരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടവരോട് കെപിസിസിയെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Update: 2022-10-14 06:29 GMT

തിരുവനന്തപുരം: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ദോസിന് ഒളിവില്‍ പോകേണ്ട സാഹചര്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എല്‍ദോസിന്റെ പ്രതികരണം ലഭിച്ചശേഷം മാത്രം നടപടിയെന്നും സതീശന്‍ പറഞ്ഞു.

എല്‍ദോസിനെ ഇന്നലെയും ഇന്നും പലതരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടവരോട് കെപിസിസിയെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോലിസിനോട് സഹകരിക്കണമെന്ന് പറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആളെ കിട്ടിയാലല്ലേ പറയാന്‍ പറ്റൂ എന്നായിരുന്നു സതീശന്റെ പ്രതികരണം.

സാധാരണ സിപിഎം ചെയ്യാറുള്ളപോലെ, എല്‍ദോസിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് എന്നോ മറ്റുമുള്ള ക്ലീഷേ പ്രസ്താവനകള്‍ ഒന്നും തങ്ങള്‍ നടത്തിയിട്ടില്ല. പ്രതിരോധിക്കാനും പാര്‍ട്ടി ശ്രമിച്ചിട്ടില്ല. ഒരുപാട് വേറെ വാര്‍ത്തകളെല്ലം വരുന്നുണ്ട്. എന്നാലും അദ്ദേഹത്തിന്റെ വിശദീകരണം ഏറെ പ്രധാനപ്പെട്ടതാണ്.

കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണ്. ചിന്തന്‍ ശിബിരത്തില്‍ അംഗീകരിച്ച നയമാണത്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. എല്‍ദോസിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഒരു തരത്തിലും ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വിശദീകരണം തേടണം എന്ന സാമാന്യ മര്യാദ മാത്രമാണ് തങ്ങള്‍ പറഞ്ഞിട്ടുള്ളതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കെപിസിസി തീരുമാനമെടുക്കുന്നില്ല എന്നു പറയുന്നതിലൊന്നും ഒരു അര്‍ത്ഥവുമില്ല. വേറൊരു പാര്‍ട്ടിയിലും ഇതൊന്നും നടക്കാറില്ല. പാര്‍ട്ടി തന്നെ കമ്മീഷനെ വെച്ച്, ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി തന്നെ തീരുമാനമെടുത്ത് ആളെ വെറുതെ വിടുന്ന ഏര്‍പ്പാടാണ് സാധാരണ കാണുന്നത്. അത്തരം നടപടികളിലേക്കൊന്നും തങ്ങള്‍ പോകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. 

Similar News