വായന വിപ്ലവത്തിലൂടെ സാമൂഹിക പുരോഗതി; 150 ദിവസത്തിനിടെ നൂറ് പബ്ലിക് ലൈബ്രറികള്‍ക്ക് തുടക്കമിട്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍
ജാര്‍ഖണ്ഡിലെ ഏറെ പിന്നാക്കമായ ജംതാര ജില്ലാ കലക്ടറായ ഫൈസ് അക്വില്‍ അഹമ്മദ് മുംതാസാണ് വേറിട്ട വഴിയിലൂടെ തന്റെ ജില്ലയെ സാക്ഷര വിപഌവത്തിലേക്ക് ആനയിക്കുന്നത്.
ന്യൂഡല്‍ഹി: സാമ്പത്തിക, വിദ്യാഭ്യാസ മേഖലയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ഒരു ജില്ലയെ വായന വിപ്ലവത്തിലൂടെ സാമൂഹിക പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍. ജാര്‍ഖണ്ഡിലെ ഏറെ പിന്നാക്കമായ ജംതാര ജില്ലാ കലക്ടറായ ഫൈസ് അക്വില്‍ അഹമ്മദ് മുംതാസാണ് വേറിട്ട വഴിയിലൂടെ തന്റെ ജില്ലയെ സാക്ഷര വിപഌവത്തിലേക്ക് ആനയിക്കുന്നത്.
തകര്‍ന്നുകിടന്ന 118 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുകയും പൊതു ലൈബ്രറികളാക്കി മാറ്റുകയും ചെയ്തു. നൂറോളം ലൈബ്രറികളുടെ ഉദ്ഘാടനം ഇതിനോടകം അദ്ദേഹം നടത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ ഉടന്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
ജാമിയ മില്ലിയ ഇസ്‌ലാമിയ റെസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഫൈസ് 2014ല്‍ 17ാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് പരീക്ഷ പൂര്‍ത്തിയാക്കിയത്.
മത്സരപരീക്ഷകള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ലൈബ്രറികളില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഫൈസ് വ്യക്തമാക്കി. കൂടാതെ, ആഴ്ചയില്‍ ഒരിക്കല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവിടം സന്ദര്‍ശിച്ച് മല്‍സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കും.
പ്രാരംഭ പദ്ധതിയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 30 ലൈബ്രറികള്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, വിവിധ ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ വന്നതിനാല്‍ അവ ജില്ലയിലെ 118 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
'ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പട്‌നയിലേക്കോ ഡല്‍ഹിയിലേക്കോ പോവേണ്ടതില്ല. അവര്‍ക്ക് ഗ്രാമങ്ങളില്‍ തുടര്‍ന്ന് മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ കഴിയും. താഴ്ന്ന വരുമാനക്കാര്‍ക്കും താഴ്ന്ന മധ്യവര്‍ഗത്തില്‍നിന്നു വരുന്നവര്‍ക്കും കോച്ചിങ് ഫീസ് ഉള്‍പ്പെടെയുള്ള താങ്ങാന്‍ കഴിയാത്തതിനാല്‍ അവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ട ഗതികേടിലായിരുന്നു.
പുതിയ പദ്ധതിയെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ മുക്തകണ്ഡം പ്രസംസിച്ചതായും എല്ലാത്തരം പിന്തുണയും നല്‍കുന്നുണ്ടെന്നും ഫൈസ് പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് യോഗ്യത നേടിയ ശേഷം ഫൈസ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി ജില്ലാ കമ്മീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജില്ലാ കലക്ടറായി ചുമതലയേറ്റു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ഇദ്ദേഹം പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് പഠിച്ചത്.