എല്‍ദോസിനെ കൈയൊഴിഞ്ഞ് കോണ്‍ഗ്രസ്; നടപടി ഉറപ്പെന്ന് കെ സുധാകരന്‍
ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാണ് കത്തു കൊടുത്തത്. അതിനകത്ത് അദ്ദേഹത്തിന് എന്തെങ്കിലും മനപരിവര്‍ത്തനം ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം.
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പരാതി ശരിയാണെങ്കില്‍ കുറ്റക്കാരനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഉണ്ടായത് ശരിയാണെങ്കില്‍, ഒരു ജനപ്രതിനിധിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത, ഒരിക്കലും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായിട്ടുള്ളത്. ശരിയാണോ തെറ്റാണോ എന്നത് പോലിസിന്റെ അന്വേഷണമാണ് തെളിയിക്കേണ്ടത്. ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനരംഗത്തു നിന്നും മാറ്റി നിര്‍ത്തും. പ്രാഥമിക നടപടിയും ഉണ്ടാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു.
എല്‍ദോസിനെ ബന്ധപ്പെടാന്‍ പറ്റിയിട്ടില്ലെന്നും, ഫോണ്‍ ബ്ലോക്ക് ആണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. എല്‍ദോസ് ഒളിവില്‍ പോകേണ്ടതുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിയമനടപടിയെ മറികടക്കാന്‍ വേണ്ടിയുള്ള ശ്രമം എന്നതിനപ്പുറത്ത് മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. കമ്മീഷനെ വെച്ച് ആരോപണത്തിന്റെ തീവ്രത അളക്കുന്ന പതിവ് കോണ്‍ഗ്രസിന് ഇല്ല. അതൊക്കെ സിപിഎമ്മിന്റെ രീതിയാണ്.
ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാണ് കത്തു കൊടുത്തത്. അതിനകത്ത് അദ്ദേഹത്തിന് എന്തെങ്കിലും മനപരിവര്‍ത്തനം ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം. അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കുമെന്ന കാര്യത്തില്‍ ഉറപ്പാണെന്നും കെ സുധാകരന്‍ പറഞ്ഞു.
അദ്ദേഹം കുറ്റവാളിയാണെന്ന് കരുതുന്നു. അതിന്റെ പേരിലാണ് നോട്ടീസ് നല്‍കിയത്. ആരോപണത്തിന് വിധേയനായ ആളോട് അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുക എന്നത് സാമാന്യ നീതിയല്ലേ, ആ നീതിയുടെ ഭാഗമായാണ് വിശദീകരണത്തിന് സാവകാശം കൊടുത്തിട്ടുള്ളത്. അതു കഴിഞ്ഞാല്‍ പാര്‍ട്ടി നടപടിയിലേക്ക് പോകുമെന്ന് സുധാകരന്‍ വ്യക്തമാക്കി.
ഇത്തരം ആരോപണവിധേയനായ ഒരാളെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്ക് ഇല്ല. അത്തരത്തിലേക്ക് കെപിസിസി തരംതാഴില്ല. അതൊക്കെ സിപിഎമ്മിന്റെ ശൈലിയാണ്. എത്ര കൊള്ളക്കാരെയും കൊലയാളികളെയുമാണ് അവര്‍ സംരക്ഷിക്കുന്നത്. എത്ര ആളുകള്‍ക്കാണ് സിപിഎം കാവലിരിക്കുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു.