പഞ്ചാബിൽ സംസ്ഥാന പ്രസിഡന്റിനും പുറത്തിറങ്ങാനാവുന്നില്ല; കർഷക പ്രക്ഷോഭത്തിൽ ഉലഞ്ഞ് ബിജെപി

പ്രക്ഷോഭം പ‍ഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായി തുടരുന്നുണ്ടെങ്കിലും ദേശീയ മാധ്യമങ്ങളടക്കം വാർത്ത തമസ്കരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

Update: 2021-03-26 10:22 GMT
പഞ്ചാബിൽ സംസ്ഥാന പ്രസിഡന്റിനും പുറത്തിറങ്ങാനാവുന്നില്ല; കർഷക പ്രക്ഷോഭത്തിൽ ഉലഞ്ഞ് ബിജെപി

ലുധിയാന: പഞ്ചാബിൽ കർഷക പ്രക്ഷോഭം നാൾക്ക് നാൾ കനക്കുമ്പോൾ ബിജെപി നേതാക്കൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വരുന്നതായി റിപോർട്ട്. അംബാനി-അദാനി ഉടമസ്ഥതയിലുള്ള ഷോപിങ് മളുകളടക്കം കർഷക പ്രക്ഷോഭത്തിന്റെ ഉപരോധച്ചൂടിൽ വിയർക്കുന്ന അവസ്ഥയാണ് പഞ്ചാബിൽ നടക്കുന്നത്.

പഞ്ചാബ് ബിജെപി സംസ്ഥാന നേതാവിനെ കർഷകർ ഘെരാവോ ചെയ്തതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് പുറത്തിറങ്ങുന്നത് പോലിസിന്റെ സംരക്ഷണയിൽ മാത്രമാണ്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് പൊതുപരിപാടിക്ക് എത്തിയത് കനത്ത പോലിസ് സംരക്ഷണത്തിലായിരുന്നു.

രാജസ്ഥാൻ- ഹരിയാന അതിർത്തിയിൽ ശ്രീ​ഗം​ഗാ ന​ഗറിലെ (രാജസ്ഥാൻ) റിലയൻസ് മാൾ കർഷക പ്രക്ഷോഭകാരികൾ അടച്ചുപൂട്ടിയിരുന്നു. കർഷക പ്രക്ഷോഭം പ‍ഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായി തുടരുന്നുണ്ടെങ്കിലും ദേശീയ മാധ്യമങ്ങളടക്കം വാർത്ത തമസ്കരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

വ്യാഴാഴ്ച്ച ഹരിയാനയിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയിൽ പങ്കെടുത്ത് മടങ്ങുന്ന ബിജെപി പ്രവർത്തകർ മുന്നിൽ കർഷക പ്രക്ഷോഭകാരികൾ ഉണ്ടെന്നറിഞ്ഞ് തങ്ങളുടെ കൊടിയും മോദി ചിത്രം പതിപ്പിച്ച ബനിയനും ഊരിക്കളഞ്ഞ് സ്വന്തം തടി രക്ഷപ്പെടുത്തുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയായിരിക്കുകയാണ്.


കർഷക പ്രക്ഷോഭം 120 ദിവസം പിന്നിടുന്ന ഇന്ന് രാജ്യവ്യാപക ബന്ദിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരുന്നു. പലയിടങ്ങളിലും വിവിധ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയും ബന്ദിനുണ്ട്. ബന്ദിനെ തുടർന്ന് ഉത്തരേന്ത്യയിൽ റെയിൽ-റോഡ് ​ഗതാതതം പൂർണമായും തടസപ്പെട്ടിരുന്നു.

Tags:    

Similar News