ഹൈദരാബാദ്: തെലങ്കാനയില്‍ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഘോഷയാത്രകള്‍ക്ക് മുന്നോടിയായി വെള്ള തുണികൊണ്ട് പള്ളികള്‍ മറച്ച് അധികൃതര്‍. സംഘര്‍ഷം മുന്‍നിര്‍ത്തിയാണ് നടപടി.സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഘോഷയാത്രകള്‍ നിയന്ത്രിക്കാന്‍ തെലങ്കാനയിലെ മുഴുവന്‍ ഫോഴ്‌സുകള്‍ക്കും സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളിലെ പള്ളികള്‍ ഉദ്യോഗസ്ഥര്‍ മറയ്ക്കുകയായിരുന്നു. നാമ്പള്ളിയിലെ ഏക് മിനാര്‍ മസ്ജിദ്, മൊസാംജാഹി മാര്‍ക്കറ്റിലെ മസ്ജിദ് ഇ മെഹബൂബ് ഷാഹി, സിദ്ധിയംബര്‍ ബസാറിലെ ജാമിയ മസ്ജിദ് എന്നിവ ഘോഷയാത്രകള്‍ കടന്നുപോകുന്ന പാതയിലെ പ്രധാന മസ്ജിദുകളാണ്.
അതേസമയം തെലങ്കാനയില്‍ ഘോഷയാത്രകള്‍ കടന്നുപോകുന്നതിന് പള്ളികള്‍ തുണികള്‍ കൊണ്ട് മറയ്ക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിക്കുന്നു. ഈ നീക്കം സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ ഉത്തരവുകളെ അനുകൂലിച്ച് ചിലര്‍ പ്രതികരിച്ചു. മറുവശത്ത് ഇത്തരത്തിലുള്ള നടപടികള്‍ സമൂഹത്തില്‍ വിഭജനത്തിനും അന്യവത്കരണത്തിനും കാരണമാകുമെന്നും പ്രതികരിക്കുകയുണ്ടായി.
എന്നാല്‍ ഉത്തര്‍പ്രദേശിലേതിന് സമാനമായി തെലങ്കാനയിലും സമാനമായ ഉത്തരവുകളും നടപടികളും ഉണ്ടാകുന്നു എന്നത് ആശ്ചര്യകരമാണെന്നാണ് പ്രധാന വിമര്‍ശനം. തെലങ്കാനയില്‍ ഭരിക്കുന്നത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഏറെയും.