'യേ ഗുല്‍സിതാ ഹമാരാ...'; ഇഖ്ബാലിന്റെ വരികള്‍ ഇന്ത്യ നാളെയും പാടും
നവംബര്‍ 9-അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ജന്‍മദിനം
റസാഖ് മഞ്ചേരി
ഇന്ത്യയെന്ന പൂവാടിയിലെ ബുല്‍ബുല്‍ കിളികള്‍ ഇഖ്ബാലിന്റെ അനശ്വരമായ വരികള്‍ ഇപ്പോഴും പാടുകയാണ്. 144 വര്‍ഷം മുമ്പ് അവിഭക്ത ഇന്ത്യയില്‍ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച ലോകത്തിന്റെ അല്ലാമാ ഇഖ്ബാല്‍ ക്രാന്തി ദര്‍ശിയായ കവി തന്നെയായിരുന്നു. കാലത്തിനു മുമ്പേ തന്നെ വരാനിരിക്കുന്ന തലമുറയ്ക്ക് ഉറക്കെയുറക്കെ പാടാനുള്ള കവിത ഒരുക്കിവച്ചാണ് അദ്ദേഹം മണ്ണിലേക്ക് മടങ്ങിയത്. 2019ലെ സിഎഎ സമര കാലത്ത് ഇന്ത്യ ഒരുമിച്ചു ചൊല്ലിയ 'തരാനാ ഹിന്ദ്' എന്ന കവിത മാത്രം മതി ഇഖ്ബാല്‍ എന്ന വാനമ്പാടി സ്മരിക്കപ്പെടാന്‍.
ശരിയാണ് 'സാരേജഹാസെ അച്ചാ ഹിന്ദുസ്താന്‍ ഹമാരാ' എന്ന ഇന്ത്യയെ സ്‌നേഹിക്കുന്നവരുടെ ഏറ്റവും മികച്ച കവിത മുഴങ്ങേണ്ട കാലം കൂടിയാണിത്. സര്‍വരാജ്യങ്ങളില്‍ ഏറ്റവും മികച്ചത് നമ്മുടെ ഹിന്ദുസ്താനാണ് എന്ന് പാടിപ്പഠിപ്പിച്ച ഇഖ്ബാല്‍ നിറയെ വര്‍ണപൂക്കളുള്ള പൂവാടിയാണ് നമ്മുടെ രാജ്യമെന്നു കൂടി പഠിപ്പിക്കുകയാണ്. 1877 നവംബര്‍ 9ന് ബ്രിട്ടീഷ് ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ജനിച്ച ആധുനിക ഇന്ത്യയുടെ ഇതിഹാസ കവി കൂടിയ2ണ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍.
ശൈഖ് നൂര്‍ മുഹമ്മദ് എന്ന സൂഫിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മാതാവ് ഇമാം ബീബി. നിരക്ഷരനായ തത്വജ്ഞാനി എന്നാണ് നൂര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സൂഫി ഗൃഹാന്തരീക്ഷത്തില്‍ വളര്‍ന്നതിനാല്‍ ഇഖ്ബാലിന്റെ സംസാരം പോലും തത്വചിന്താപരമായിരുന്നൂ. പിന്നീട് ഗുലാം ഹസന്‍ എന്ന ഗുരുവിന്റെ മദ്‌റസയില്‍ ഖുര്‍ആന്‍ പഠനത്തിന് ചേര്‍ന്നു. തുടര്‍ന്ന് സയ്യിദ് മീര്‍ ഹസന്‍ ഷായുടെ മക്തബില്‍ അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ പഠനം. മൂന്ന് വര്‍ഷത്തിന് ശേഷം സ്‌കോച് മിഷന്റെ സ്‌കൂളില്‍. 1893ല്‍ മെഡല്‍ നേടി ഹൈസ്‌കൂള്‍ പാസ്സായി. തുടര്‍ന്ന് ലാഹോറിലെ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ബിഎ. 1899ല്‍ എംഎ ഫിലോസഫി പാസായി. തുടര്‍ന്ന് ലാഹോറിലെ ഓറിയന്റല്‍ കോളജില്‍ അറബി റീഡര്‍ അധ്യാപകനായി. ലാഹോറിലെ ഗവ. കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെ 1905ല്‍ ലണ്ടനില്‍ കാംബ്രിജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. ജര്‍മനിയിലെ മ്യൂണിച്ച് യൂനിവേഴ്‌സിറ്റിയില്‍ നിന്നു 1907ല്‍ പിഎച്ച്ഡി നേടി. തികഞ്ഞ മതഭക്തനും പണ്ഡിതനുമായിരുന്ന അദ്ദേഹം പ്രവാചക സ്‌നേഹത്തിന്റെ തേനൊഴുക്കിയ കവിയായിരുന്നു. പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളിലായിരുന്നു രചനകള്‍ അധികവും. എന്നാല്‍ പഞ്ചാബ്, അറബി, ഇംഗ്ലീഷ് ഭാഷകളിലും എഴുതിയിട്ടുണ്ട്.
ബാല്‍ എ ജിബ്രീല്‍, അസ്രാര്‍ ഒ റമൂസ്, പയഗാം ഇ മഷ്രിക്, സബൂറെ അജം, ജാവേദ് നാമ, തജ്ദീദെ ഫിക്രിയാത് ഇസ് ലാം, ദീവാനെ മുഹമ്മദ് ഇഖ്ബാല്‍, ഹംദര്‍ദി ബുള്‍ബുള്‍ എന്നിവ ശ്രദ്ധേയ രചനകളാണ്. റൂമി, അരിസ്‌റ്റോട്ടില്‍, അഹ്മദ് സര്‍ഹിന്ദി, ഗോഥെ, ഫ്രെഡറിക് നിച്ചെ, ഹെന്റി ബെര്‍ഗ്‌സണ്‍, മൗലാനാ മുഹമ്മദ് അലി, തോമസ് വാക്കര്‍ അര്‍നോള്‍ഡ്, ഹേഗല്‍ എന്നിവരുടെ കാവ്യ സാഹിത്യ ജീവിതം ഇഖ്ബാലിനെ ഏറെ സ്വാധീനിച്ചിരുന്നു. അതോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം, മുഹമ്മദ് അലി ജിന്ന, അലി ശരീഅത്തി, ഇസ്രാര്‍ അഹ്മദ്, മൗലാന മൗദൂദി എന്നവര്‍ അദ്ദേഹത്തിനാല്‍ പ്രചോദിതരായവരാണ്. 1938ല്‍ ഏപ്രില്‍ 21നു രാവിലെ 5നാണ് കവിതയുടെ ആ മഹാവിസ്മയ ചെപ്പ് കണ്ണടച്ചത്. ലാഹോറിലെ ബാദ്ശാഹി മസ്ജിദിനു സമീപത്തെ മഖ്ബറയില്‍ നിത്യനിദ്ര കൊള്ളുന്ന ഇഖ്ബാല്‍ എന്ന അനശ്വര കവിയുടെ വരികള്‍ ഇനിയും ഇന്ത്യന്‍ തെരുവുകളെ ത്രസിപ്പിക്കും. കാലം കാത്തിരിക്കുകയാണ്. അവര്‍പാടും. 'ഹിന്ദീ ഹേ ഹം വത്തന് ഹേ ഹിന്ദുസ്ഥാന്‍ ഹമാരാ.'
India will sing Allama Muhammad Iqbal's lyrics tomorrow as well