കിളികൊല്ലൂര്‍ പോലിസ് മർദനത്തില്‍ സൈന്യം ഇടപെടുന്നു; ചീഫ് സെക്രട്ടറിയോട് റിപോര്‍ട്ട് തേടി
ആരോപണവിധേയരായ പോലിസുകാര്‍ക്കെതിരേ പൂര്‍ണമായി നടപടിയെടുത്തിട്ടില്ല. ഒമ്പത് പേര്‍ക്കെതിരേ പരാതി നല്‍കിയതില്‍ വെറും നാല് പോലിസുകാര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം.
കൊല്ലം: കിളികൊല്ലൂരിലെ പോലിസ് മര്‍ദനത്തില്‍ സൈന്യം ഇടപെടുന്നു. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പോലിസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയിട്ടുണ്ട്. സൈനികന്‍ വിഷ്ണുവിനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് പരാതി നല്‍കും.
ആരോപണവിധേയരായ പോലിസുകാര്‍ക്കെതിരേ പൂര്‍ണമായി നടപടിയെടുത്തിട്ടില്ല. ഒമ്പത് പേര്‍ക്കെതിരേ പരാതി നല്‍കിയതില്‍ വെറും നാല് പോലിസുകാര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പോലിസ് കേസ് ഏറ്റെടുക്കുക എന്നതാണ് സൈന്യത്തിലെ രീതി.
ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പോലിസിന് വീഴ്ചപറ്റി. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, കേസ് പരിഗണിക്കേണ്ടത് ജില്ലാ കോടതിയിലാണ്. ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്രതിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങള്‍ അറിയിക്കുകയെന്നതാണ് നിയമം. കേസില്‍ ഒരു ഭാഗത്ത് പോലിസ് ആയതിനാല്‍ മറ്റേതെങ്കിലും ഒരു ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയെന്ന സാധ്യതയും സൈന്യം പരിഗണിക്കുന്നുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ സേവിക്കുന്ന സൈനികനായ തന്റെ മകനെ ക്രൂര മര്‍ദനത്തിനിരയാക്കിയെന്നും കള്ളക്കേസില്‍ കുടുക്കിയെന്നും കാണിച്ചാണ് അമ്മ പരാതി നല്‍കും. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ കത്തോടെയാകും പ്രതിരോധ മന്ത്രിക്ക് പരാതി നല്‍കുക. സംഭവം പുറത്തുവന്നതോടെ നടപടിയെന്നോണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദിനെയും വിഘ്‌നേഷിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പേരൂര്‍ സ്വദേശിയായ സിവില്‍ പോലിസ് ഓഫീസര്‍ മണികണ്ഠന്‍ പിള്ളയെയും ഒഴിവാക്കി എസ്ഐ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രന്‍, സിവില്‍ പോലിസ് ഓഫീസര്‍ ദിലീപ് എന്നിവരെ പാരിപ്പള്ളി, ഇരവിപുരം, അഞ്ചാലുംമൂട് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി.
തുടര്‍ന്ന് പ്രശ്‌നം കൂടുതല്‍ ശ്രദ്ധ നേടിയതോടെ വ്യാഴാഴ്ച ഉച്ചയോടെ ദക്ഷിണമേഖല ഐജി പി പ്രകാശ് അന്വേഷണ വിധേയമായി ദിലീപ് ഒഴികെയുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ എസിപി പ്രദീപ്കുമാറിനെ ചുമതലപ്പെടുത്തിയതോടെ കൂടുതല്‍ പോലിസുകാര്‍ക്കെതിരേ നടപടികള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
കിളികൊല്ലൂര്‍ പോലിസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാണ്. പോലിസിന്റെ ക്രൂരത വാര്‍ത്തയായതോടെ പേരൂര്‍ ഇന്ദീവരം വീട്ടിലേക്ക് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സൈനികരും വിമുക്തഭടന്മാരും ഉള്‍പ്പെടെ നിരവധിയാളുകളെത്തി. എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ പി സി വിഷ്ണുനാഥ്, എം നൗഷാദ്, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമ്മ സലിലയോടും മര്‍ദനമേറ്റ വിഘ്നേഷിനോടും വിവരങ്ങള്‍ ആരാഞ്ഞു.
12 ദിവസം റിമാന്‍ഡിലായിരുന്ന സഹോദരങ്ങളില്‍ സൈനികനായ വിഷ്ണു ദേഹമാസകലമുള്ള വേദന കടിച്ചമര്‍ത്തി രാജസ്ഥാനിലെ ക്യാമ്പിലേക്ക് മടങ്ങി. നിശ്ചയിച്ച പ്രണയവിവാഹവും മുടങ്ങിയതോടെ അതിന്റെ ദുഖവും ഉള്ളിലൊതുക്കിയാണ് സൈനികനായ വിഷ്ണു ജോലി സ്ഥലത്തേക്ക് പോയത്. മര്‍ദനമേറ്റ ശരീരത്തിലെ പാടുകള്‍ മാധ്യമങ്ങളില്‍ നല്‍കിയതോടെയാണ് കിളികൊല്ലൂര്‍ പോലിസിന്റെ ക്രൂരത പുറത്തറിയുന്നത്.