ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ സംഭലില്‍; ഉദ്ഘാടനം ഫെബ്രുവരിയില്‍
ലഖ്‌നോ: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയുടെ നിര്‍മാണം ഉത്തര്‍പ്രദേശിലെ സംഭലില്‍ പുരോഗമിക്കുന്നു. ചന്ദോസി പ്രദേശത്താണ് ഈ പ്രതിമയുടെ പണി നടക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫെബ്രുവരിയില്‍ പ്രതിമ അനാച്ഛാദനം ചെയ്യും.
രം ഭാഗ് ധാം ട്രസ്റ്റ് എന്ന ഹിന്ദുത്വ സന്നദ്ധസംഘടനയാണ് 2023 മേയ് 31ന് പ്രതിമാനിര്‍മാണം തുടങ്ങിയത്. രാം ഭാഗ് ധാമിലെ രാംലീല മൈതാനത്ത് നിര്‍മിക്കുന്ന പ്രതിമയുടെ ഒരു കൈയ്യില്‍ വില്ലുണ്ട്. മറു കൈ കൊണ്ട് ശ്രീരാമന്‍ വിശ്വാസികളെ അനുഗ്രഹിക്കുകയാണെന്ന് ട്രസ്റ്റ് പ്രസിഡന്റ് അശോക് കുമാര്‍ ഫാന്‍സി പറഞ്ഞു. ''അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തുടങ്ങിയപ്പോളാണ് ചന്ദോസിയില്‍ ഒരു പ്രതിമ വേണമെന്ന് ആഗ്രഹിച്ചത്. ചന്ദോസി മിനി വൃന്ദാവനമാണെന്നാണ് ഹിന്ദുശാസ്ത്രങ്ങള്‍ പറയുന്നത്.''- അശോക് കുമാര്‍ ഫാന്‍സി വിശദീകരിച്ചു.
സംഭലിലെ ശാഹീ ജാമിഅ് മസ്ജിദ് ഹിന്ദു ക്ഷേത്രമാണന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ കേസിനെ തുടര്‍ന്ന് മസ്ജിദില്‍ സര്‍വേ നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച ആറു മുസ്‌ലിം യുവാക്കളെ നവംബര്‍ 24ന് പോലിസ് വെടിവെച്ചു കൊന്നു. മസ്ജിദിനെതിരേ കേസ് വന്നതിന് പിന്നാലെ പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരേ ഭരണകൂട ഭീകരത നടക്കുകയാണ്. കോട്‌വാലി പോലിസ് സ്‌റ്റേഷന് സമീപത്തെ താനെവാലി മസ്ജിദിന്റെ ചുറ്റുവട്ടത്തുള്ള 11 കടകള്‍ 24 മണിക്കൂറിനുള്ളില്‍ പൊളിച്ചുനീക്കാന്‍ ജില്ലാഭരണകൂടം തിങ്കളാഴ്ച്ച നോട്ടീസ് നല്‍കി. വഖ്ഫ് സ്വത്തിലുള്ള കടകളുടെ വാടക വര്‍ഷങ്ങളായി മസ്ജിദ് കമ്മിറ്റിയാണ് വാങ്ങുന്നത്. എന്നാല്‍, ഈ പ്രദേശത്ത് ഒരു പുരാതന പടിക്കിണര്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ എല്ലാവരും ഒഴിയണമെന്നുമാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദനാ മിശ്ര ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമിയുടെ അവകാശം ഉറപ്പിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാനോ കോടതിയില്‍ പോവാനോ സമയം നല്‍കാതെയാണ് ജില്ലാ മജിസ്‌ട്രേറ്റും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും പ്രവര്‍ത്തിക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു. സംഭലിലെ 1952 മുതലുള്ള ഭൂരേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. ''സംഭലിന്റെ ചരിത്രപരവും സാംസ്‌കാരികപരവുമായ പാരമ്പര്യം'' സംരക്ഷിക്കാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്ര പെന്‍സിയയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പടിക്കിണറിന് സമീപത്തുള്ള 114 ആധാര ഉടമകള്‍ക്കെതിരേ കേസെടുക്കാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രഭൂമി തട്ടിയെടുത്ത് മുഗള്‍പുര എന്ന കോളനി സ്ഥാപിച്ചുവെന്നാണ് ആരോപണം. പലതരം ആരോപണങ്ങള്‍ ഉന്നയിച്ച് പ്രദേശവാസികളായ മുസ്‌ലിംകള്‍ക്കെതിരെ രണ്ടായിരത്തിലധികം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.