ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്

Update: 2024-07-06 06:54 GMT

എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. വിവരാവകാശ നിയമം പ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വയ്ക്കരുതെന്നു വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവില്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ സംബന്ധിച്ചുള്ള ഹേമാ കമ്മിറ്റി റിപോര്‍ട്ട് 2019 ഡിസംബര്‍ 31നാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. റിപോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി സാംസ്‌കാരിക വകുപ്പ് അംഗീകരിച്ചിരുന്നില്ല. പലരുടെയും സ്വകാര്യതകള്‍ സംബന്ധിച്ച വിവരങ്ങളുള്ളതിനാല്‍ റിപോര്‍ട്ട് പുറത്തുവിടാനാവില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കിയത്. തുടര്‍ന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. ഈ മാസം 25നകം റിപോര്‍ട്ട് അപേക്ഷകര്‍ക്ക് നല്‍കണമെന്ന് ഉത്തരവിട്ട കമ്മീഷണര്‍ റിപോര്‍ട്ട് പുറത്തുവിടാന്‍ വിമുഖത കാട്ടിയ ഉദ്യോഗസ്ഥ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. സാംസ്‌കാരിക വകുപ്പ് മുന്‍വിധിയോടെയാണ് വിവരങ്ങള്‍ നിഷേധിച്ചതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News