''പരാതി നല്‍കാന്‍ എത്തിയ യുവതിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച എസ്‌ഐക്കെതിരേ നടപടി വേണം''
മുംബൈ: മോഷണക്കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയ യുവതിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച എസ്‌ഐക്കെതിരേ നടപടി വേണമെന്ന് ബോംബൈ ഹൈക്കോടതി. കാണ്ഡിവാലി പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ അതുല്‍ ലാങ്‌ഡെക്കെതിരെ നടപടി വേണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
വീട്ടില്‍ കള്ളന്‍ കയറി 15 ലക്ഷം രൂപയുടെ സ്വര്‍ണവും ആഭരണങ്ങളും കൊണ്ടുപോയെന്ന് പരാതി നല്‍കിയിട്ടും പോലിസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ''2024 ആഗസ്റ്റില്‍ നടന്ന മോഷണത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഇതുവരെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഒരു ദിവസം എസ്‌ഐയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നു. രാത്രികാലങ്ങളില്‍ വിളിച്ച് രാവിലെ സ്റ്റേഷനില്‍ വന്നാല്‍ മൊഴി രേഖപ്പെടുത്താമെന്നു പറയുന്നു.''- യുവതിയുടെ ഹരജി പറയുന്നു. ഫ്രണ്ട് റിക്വസ്റ്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
''ഒരു സ്ത്രീയുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇങ്ങനെയൊരു ഫ്രണ്ട് റിക്വസ്റ്റ് അയക്കാന്‍ കഴിയുന്നത് എന്ന് മനസിലാക്കാന്‍ കഴിയുന്നില്ല.''-ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ രേവതി മോഹിത്, നീല കെ ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മോഷണപരാതിയില്‍ ചില സംശയങ്ങളുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫേസ്ബുക്ക് പരിശോധിക്കുമ്പോള്‍ അറിയാതെ കൈതട്ടിയതാണ് കാരണമെന്ന് അതുല്‍ ലാങ്‌ഡെ പറഞ്ഞു. ആഗസ്റ്റില്‍ മോഷണം നടന്നു എന്നു പറയുമ്പോഴും സെപ്റ്റംബറിലാണ് പരാതി നല്‍കിയതെന്നും അതുവരെ യുവതി വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും അതുല്‍ ലാങ്‌ഡെ ചൂണ്ടിക്കാട്ടി. ഇക്കാര്യം പിന്നീട് പരിശോധിക്കാമെന്നും ഫ്രണ്ട് റിക്വസ്റ്റ് വിഷയത്തില്‍ അടിയന്തിര നടപടി വേണമെന്നും കോടതി പറഞ്ഞു.