എല്ലാവരേയും ഉള്‍കൊള്ളുന്നത് വരെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് ഇറാന്‍
ഇസ്‌ലാമിക് എമിറേറ്റ് അതിന്റെ ഭരണ ഘടനയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാല്‍ അഫ്ഗാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ ടെഹ്‌റാന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിച്ചേക്കുമെന്നും അമീനിയന്‍ പറഞ്ഞു.
തെഹ്‌റാന്‍: എല്ലാവരേയും ഉള്‍കൊള്ളുന്നില്ലെങ്കില്‍ നിലവിലെ താലിബാന്‍ സര്‍ക്കാരിനെ (ഇസ്‌ലാമിക് എമിറേറ്റ്) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇറാന്‍. കാബൂളില്‍ ടോളോ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇറാന്‍ അംബാസഡര്‍ ബഹാദൂര്‍ അമിയാന്‍ ഇക്കാര്യം പറഞ്ഞത്.
ഇസ്‌ലാമിക് എമിറേറ്റ് അതിന്റെ ഭരണ ഘടനയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാല്‍ അഫ്ഗാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ ടെഹ്‌റാന്‍ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിച്ചേക്കുമെന്നും അമീനിയന്‍ പറഞ്ഞു.
കാബൂളിലെ ടോളൊ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ ഇപ്പോള്‍ നിലവിലുള്ള താലിബാന്‍ ഭരണകൂടം, ഒരേയൊരു വംശക്കാര്‍ മാത്രം അടങ്ങിയതാണ്. അതില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നാണ് ഇറാന്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഒരു രാജ്യത്ത് ഒരു ഭരണകൂടം നിലവില്‍ വന്നാല്‍, ആ ഭരണകൂടത്തില്‍ ഉള്‍പ്പെടുന്നത് ഒരേയൊരു വംശജര്‍ മാത്രമാണെങ്കില്‍, അതിലുപരി മറ്റു വംശങ്ങളിലെയോ ഗോത്രങ്ങളിലെയോ ആര്‍ക്കും തന്നെ അതില്‍ പ്രാതിനിധ്യമില്ലെങ്കില്‍, അതിനെ ഒരു ഭരണകൂടമായി കണക്കാക്കാന്‍ പറ്റില്ല. ഇറാന്‍ സര്‍ക്കാരിന് അതു കൊണ്ടു തന്നെ, അഫ്ഗാനിലെ ഇപ്പോഴത്തെ താലിബാന്‍ ഭരണകൂടത്തെ സര്‍ക്കാരായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അമീനിയന്‍ വ്യക്തമാക്കി.
കൂടാതെ, നിലവിലെ സാമ്പത്തിക പ്രതിസന്ധി തീവ്രവാദത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍, അത് കൂടുതല്‍ കുടിയേറ്റത്തിന് കാരണമാകും, അത് തീവ്രവാദത്തിന് കാരണമാകും, ഇത് അഫ്ഗാനിസ്ഥാന് മാത്രമല്ല, പ്രദേശത്തിനും ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അഫ്ഗാന്‍ കാര്യങ്ങളില്‍ ഇടപെടാനുള്ള ശ്രമമാണ് അമിനിയാന്റെ പ്രസ്താവനയെന്ന് താലിബാന്‍ കുറ്റപ്പെടുത്തി.