'ഭ്രാന്തന്‍' ട്രംപ് സദ്ദാം ഹുസൈനെപ്പോലെ തൂക്കിലേറ്റപ്പെടും: മുന്നറിയിപ്പുമായി ഹസ്സന്‍ റൂഹാനി

14 വര്‍ഷം മുമ്പ് ബാഗ്ദാദ് ജയിലില്‍ തൂക്കിലേറ്റപ്പെട്ട ഇറാഖി നേതാവ് സദ്ദാംഹുസൈന് സമാനമായ വിധിയാണ് അമേരിക്കന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്നതെന്നും ഹസ്സന്‍ റൂഹാനി ഓര്‍മിപ്പിച്ചു

Update: 2020-12-26 10:28 GMT

തെഹ്‌റാന്‍: വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോവുന്നതോടെ സദ്ദാം ഹുസൈനെപ്പോലെ 'ഭ്രാന്തന്‍' ഡോണള്‍ഡ് ട്രംപ് തൂക്കിലേറ്റപ്പെടുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. 14 വര്‍ഷം മുമ്പ് ബാഗ്ദാദ് ജയിലില്‍ തൂക്കിലേറ്റപ്പെട്ട ഇറാഖി നേതാവ് സദ്ദാംഹുസൈന് സമാനമായ വിധിയാണ് അമേരിക്കന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്നതെന്നും ഹസ്സന്‍ റൂഹാനി ഓര്‍മിപ്പിച്ചു.മന്ത്രിസഭാ യോഗത്തിലാണ് ഇറാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ ആഞ്ഞടിച്ചത്.

'ഭ്രാന്തനെ തൂക്കിലേറ്റിയ ദിനം ആളുകള്‍ അന്തിമവിജയം ആഘോഷിച്ച ദിവസമായിരുന്നു. ട്രംപിന്റെ വിധി സദ്ദാമിനേക്കാള്‍ മികച്ചതായിരിക്കില്ല. ജനങ്ങള്‍ക്ക് നേരെ യുദ്ധം അടിച്ചേല്‍പ്പിച്ച രണ്ട് ഭ്രാന്തന്‍ ജീവികള്‍ ചരിത്രത്തിലുണ്ടായിരുന്നു. ഒന്ന് സദ്ദാമും മറ്റൊരാള്‍ ട്രംപും. സദ്ദാം സൈനിക യുദ്ധമാണ് അടിച്ചേല്‍പ്പിച്ചതെങ്കില്‍ ട്രംപ് സാമ്പത്തിക യുദ്ധമാണ് തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. എന്നാല്‍, ഈ സാമ്പത്തിക യുദ്ധത്തെ അതിന്റെ ലക്ഷ്യത്തിലെത്താന്‍ തങ്ങള്‍ അനുവദിച്ചില്ല' -റൂഹാനി പറഞ്ഞു.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് പദവിയിലെത്തിയതിനു പിന്നാലെ ഇറാനുമായുള്ള ആണവക്കരാറില്‍നിന്ന് യുഎസ് ഏകപക്ഷീയമായി പിന്‍മാറുകയും ഇറാനെതിരേ ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. കൂടാതെ മറ്റു രാജ്യങ്ങളെ ഇറാനെതിരെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാംമൂഴം തേടിയെങ്കിലും ട്രംപ് പരായപ്പെടുകയും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ട്രംപ് അടുത്ത മാസം 20ന് ഔദ്യോഗികമായി സ്ഥാനമൊഴിന്നതിനു മുമ്പെ ഇറാനെ ആക്രമിക്കാന്‍ നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News