ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഇറാഖില്‍ മുഖ്തദാ അല്‍ സദറുമായി കൂടിക്കാഴ്ച നടത്തി

സദറിന്റെ മാധ്യമ വിഭാഗം പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചെങ്കിലും കൂടിക്കാഴ്ചയുടെ ഉള്ളടക്കത്തെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

Update: 2022-02-09 13:34 GMT

മുഖ്തദാ അല്‍ സദര്‍

തെഹ്‌റാന്‍: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്് കോര്‍പ്‌സിന്റെ ഉന്നത വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഘനി ഇറാഖില്‍ വന്‍ സ്വാധീനമുള്ള ശിയാ പുരോഹിതന്‍ മുഖ്തദ അല്‍ സദറുമായി തെക്കന്‍ ഇറാഖിലെ നജാഫ് നഗരത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തി. സദറിന്റെ മാധ്യമ വിഭാഗം പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചെങ്കിലും കൂടിക്കാഴ്ചയുടെ ഉള്ളടക്കത്തെക്കുറിച്ച് വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഘനി അപ്രഖ്യാപിത സന്ദര്‍ശനത്തിനായി ഇറാഖിലെത്തിയത്. ഇറാഖി ശിയ രാഷ്ട്രീയ ശക്തികളുടെ കണ്‍സോര്‍ഷ്യമായ കോര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക്ക് ബ്ലോക്കുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുര്‍ദ് സ്ഥാനാര്‍ത്ഥി ഹോശിയാര്‍ സെബരിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രിം ഫെഡറല്‍ കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു.

ഈ നീക്കം സദറിസ്റ്റ് പ്രസ്ഥാനം ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികള്‍, പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്ച ചേര്‍ന്ന ഇറാഖ് പാര്‍ലമെന്റിന്റെ സമ്മേളനം ബഹിഷ്‌കരിക്കുന്നതിലേക്ക് നയിച്ചിരുന്നു. ക്വാറം തികയാത്തതിനാല്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള സെഷന്‍ മാറ്റിവച്ചതായി ഇറാഖ് പാര്‍ലമെന്റ് പിന്നീട് അറിയിച്ചു.

Tags:    

Similar News