ഐഎസ്‌ഐ ബന്ധം? പ്രമുഖര്‍ക്കൊപ്പമുള്ള പാക് സുഹൃത്തിന്റെ ഫോട്ടോ പുറത്തുവിട്ട് അമരീന്ദര്‍ സിങ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജ്, കേന്ദ്രമന്ത്രി അശ്വനി കുമാര്‍ എന്നിവരടങ്ങുന്ന പ്രമുഖര്‍ക്കൊപ്പമുള്ള അറൂസ ആലമിന്റെ പത്തിലധികം ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ക്യാപ്റ്റന്റെ മറുപടി

Update: 2021-10-25 18:19 GMT

ന്യൂഡല്‍ഹി: പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന പഞ്ചാബ് ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയുടെ ആരോപണങ്ങള്‍ക്കിടെ തന്റെ സുഹൃത്തായ പാക് പ്രതിരോധ ജേര്‍ണലിസ്റ്റ് അറൂസ അലമിന് പ്രതിരോധം തീര്‍ത്ത് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജ്, കേന്ദ്രമന്ത്രി അശ്വനി കുമാര്‍ എന്നിവരടങ്ങുന്ന പ്രമുഖര്‍ക്കൊപ്പമുള്ള അറൂസ ആലമിന്റെ പത്തിലധികം ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ക്യാപ്റ്റന്റെ മറുപടി. 'ഇവരെല്ലാം ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണെന്ന് താന്‍ കരുതുന്നു' എന്ന അടിക്കുറിപ്പുമായാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

'വിവിധ പ്രമുഖര്‍ക്കൊപ്പമുള്ള അറൂസ ആലമിന്റെ ചിത്രങ്ങളുടെ ഒരു പരമ്പര ഞാന്‍ പോസ്റ്റ് ചെയ്യുന്നു. ഇവരെല്ലാം ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ പറയുന്നവര്‍ സംസാരിക്കുന്നതിന് മുമ്പ് എന്താണ് സംസാരിക്കുന്നതെന്ന് ചിന്തിക്കണം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സഞ്ചരിക്കാനുള്ള വിസ നിരോധിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ഞാന്‍ അവരെ വീണ്ടും ഇവിടേക്ക് ക്ഷണിച്ചേനേ', എന്നാണ് ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ അമരീന്ദര്‍ പരിഹാസരൂപേണ പറയുന്നത്.

അറൂസ ആലം എന്ന മാധ്യമപ്രവര്‍ത്തകയെപ്പറ്റി അന്വേഷിക്കണമെന്ന പഞ്ചാബ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ക്യാപ്ടനെ ലക്ഷ്യംവെച്ചുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും മൂര്‍ച്ചയുള്ള ആക്രമണമായിരുന്നു. എന്നാല്‍ ആ ആക്രമണത്തെയാണ് പ്രമുഖര്‍ക്കൊപ്പമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിലൂടെ നിഷ്പ്രഭമാക്കിയിരിക്കുന്നത്.

നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസുകാരനും പാര്‍ട്ടിയുടെ സമുന്നത നേതാക്കളിലൊരാളുമായ അമരീന്ദര്‍, നവജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിലും പാര്‍ട്ടി വിടുന്നതിലും കലാശിക്കുകയായിരുന്നു.

Tags:    

Similar News