യുഎഇയിലെ ഇസ്രായേല്‍ എംബസി ഉടന്‍; സ്ഥാനപതിയെ നിയമിച്ചു
ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ യുഎഇയില്‍ നിയമിച്ചു.
തെല്‍അവീവ്: യുഎഇയുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതിനുപിന്നാലെ അബൂദബിയില്‍ എംബസി തുറക്കാനൊരുങ്ങി ഇസ്രായേല്‍. ഇതിനായി ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ യുഎഇയില്‍ നിയമിച്ചു.
യുഎഇയില്‍ സ്ഥാപിക്കാനിരിക്കുന്ന സ്ഥിരം ഇസ്രായേല്‍ എംബസിയുടെ നിര്‍മാണച്ചുമതലയാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ ദൗത്യം. വരും ദിവസം തന്നെ അദ്ദേഹം യുഎഇയിലെത്തുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ അംബാസിഡറെ സര്‍ക്കാര്‍ നിയമിക്കുന്നത് വരെ താല്‍ക്കാലികമായിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്.മാര്‍ച്ചില്‍ ഇസ്രായേലില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷമാകും സ്ഥിരം അംബാസിഡറെ നിയമിക്കുക.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15നാണ് യുഎസിന്റെ മധ്യസ്ഥതയില്‍ വൈറ്റ് ഹൗസില്‍ വെച്ച് യുഎഇയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സാധാരണനിലയിലാക്കി കൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചത്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കാനുള്ള പദ്ധതി കരാറിന്റെ ഭാഗമായി ഇസ്രായേല്‍ മരവിപ്പിച്ചതായി യുഎഇ അവകാശപ്പെടുന്നുണ്ടെങ്കിലും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം നിഷേധിച്ചിരുന്നു.
അബുദാബിയുടെ പാത പിന്തുടര്‍ന്ന് ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ എന്നിവയും ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയിരുന്നു.