ഗസയില്‍ ഇസ്രായേല്‍ ആക്രമണം; ആളപായമില്ല
ഹമാസ് അധീനതയിലുള്ള ഗസാ മുനമ്പില്‍നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് അഗ്നിപടര്‍ത്തുന്ന ബലൂണുകള്‍ വിക്ഷേപിച്ചതിന് തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ഗസാ സിറ്റി: ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനെ ലക്ഷ്യമിട്ട് ഗസാ മുനമ്പില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ അധിനിവേശ സൈന്യം. ഹമാസ് അധീനതയിലുള്ള ഗസാ മുനമ്പില്‍നിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട് അഗ്നിപടര്‍ത്തുന്ന ബലൂണുകള്‍ വിക്ഷേപിച്ചതിന് തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അഗ്നി ബലൂണുകള്‍ ഗസയില്‍നിന്നു വിക്ഷേപിക്കപ്പെട്ടതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഭൂഗര്‍ഭ സങ്കേതങ്ങളും നിരീക്ഷണ പോസ്റ്റുകളും ഉള്‍പ്പെടെ നിരവധി ഹമാസ് ലക്ഷ്യങ്ങള്‍ക്കുനേരെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ടാങ്കുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ ഹമാസ് പ്രതികരിച്ചിട്ടില്ല.
ഗസയില്‍നിന്നു വിക്ഷേപിച്ച അഗ്നിബലൂണുകള്‍ മൂലം ഇസ്രായേലിലെ 60 ഇടങ്ങളില്‍ തീപിടിത്തമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് തെക്കന്‍ ഇസ്രായേലിലെ അഗ്‌നിശമന സേന അറിയിച്ചു. 2018ലെ ഗസയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് സ്‌ഫോടക വസ്തുക്കള്‍ ബന്ധിച്ച ബലൂണും പട്ടവും ഒരു ആയുധമായി ഉയര്‍ന്നുവന്നത്. ഇത്തരത്തിലൂടെ ആക്രമണത്തിലൂടെ ആയിരക്കണക്കിന് ഇസ്രായേല്‍ ഫാമുകളും മറ്റും അഗ്നിക്കിരയായിട്ടുണ്ട്.