പ്രകോപനവുമായി വീണ്ടും ഇസ്രായേല്‍; ഗസയില്‍ വ്യോമാക്രമണം
മെയിലെ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇസ്രായേല്‍ ഫലസ്തീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒന്നര മാസം പിന്നിടുന്നതിനിടെയാണ് ഇത് മൂന്നാം തവണയാണ് വീണ്ടും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.
ഗസാ സിറ്റി: പ്രകോപനം സൃഷ്ടിച്ച് ഗസാ മുനമ്പില്‍ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ മേഖലയില്‍ ബോംബ് വര്‍ഷിച്ചത്. ഉപരോധിത മേഖലയില്‍നിന്നു വിക്ഷേപിച്ച സ്‌ഫോടക വസ്തുക്കള്‍നിറച്ച ബലൂണുകള്‍ക്ക് മറുപടിയായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ ഭാഷ്യം.
മെയിലെ രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷം ഇസ്രായേല്‍ ഫലസ്തീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒന്നര മാസം പിന്നിടുന്നതിനിടെയാണ് ഇത് മൂന്നാം തവണയാണ് വീണ്ടും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.
ബോംബിങ് തങ്ങളുടെ പരിശീലന പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ആളപായമില്ലെന്നും ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഇസ്രായേലിലേക്ക് തൊടുത്തുവിട്ട തീ ബലൂണുകള്‍ക്ക് മറുപടിയായി, സൈനിക യുദ്ധവിമാനങ്ങള്‍ തിരിച്ചാക്രമിച്ചതായും ഹമാസിന്റെ ആയുധ നിര്‍മാണ സൈറ്റിനു നേരെ ബോംബ് വര്‍ഷിച്ചതായും ഇസ്രായേല്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു.
ബലൂണ്‍ വിക്ഷേപണത്തിന് ഗസ ആസ്ഥാനമായുള്ള എത് ഗ്രൂപ്പാണ് ഉത്തരവാദിയെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഗസ്സയില്‍ നിന്നുള്ള ഏത് നടപടിക്കും ഹമാസാണ് ഉത്തരവാദിയെന്നാണ് ഇസ്രായേല്‍ ഭാഷ്യം. മെയ് മാസത്തില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 66 കുട്ടികളടക്കം 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 29 ഫലസ്തീനികളും കൊല്ലപ്പെട്ടു.