അറബ് വിരുദ്ധ പ്രക്ഷോഭം; അല്‍ അഖ്‌സ കവാടം അടച്ച് ഇസ്രായേല്‍; ജറുസലേമിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം
മുസ്‌ലിം പാദത്തിലെ ബാബ് ഹത്ത ഗേറ്റില്‍ തടിച്ചുകൂടിയ ഫലസ്തീനികളെ മുസ്‌ലിം പുണ്യമാസമായ റമദാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ പുലര്‍ച്ചെ പ്രാര്‍ത്ഥനയില്‍ നിന്ന് തടയുന്നതിനായിരുന്നു ഈ നീക്കം.
ജറുസലേം: തീവ്ര വലതുപക്ഷ ജൂത സംഘത്തിന്റെ അറബ് വിരുദ്ധ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെ ഇസ്രായേല്‍ സൈനിക പോലിസ് ജറുസലേം ഓള്‍ഡ് സിറ്റിയിലെ അല്‍ അഖ്‌സാ മസ്ജിദ് സമുച്ചയത്തിന്റെ കവാടങ്ങള്‍ അടച്ചു. മുസ്‌ലിം പാദത്തിലെ ബാബ് ഹത്ത ഗേറ്റില്‍ തടിച്ചുകൂടിയ ഫലസ്തീനികളെ മുസ്‌ലിം പുണ്യമാസമായ റമദാനിലെ രണ്ടാം വെള്ളിയാഴ്ചയിലെ പുലര്‍ച്ചെ പ്രാര്‍ത്ഥനയില്‍ നിന്ന് തടയുന്നതിനായിരുന്നു ഈ നീക്കം.
'യഹൂദരുടെ അന്തസ്സ് പുനസ്ഥാപിക്കുക', 'അറബികള്‍ക്ക് മരണം' എന്ന് ആക്രോശിച്ച് വ്യാഴാഴ്ച വൈകീട്ട് ജറുസലേമിലെ തെരുവിലിറങ്ങിയ തീവ്ര വലതുപക്ഷ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ നടന്ന ഏറ്റുമുട്ടലില്‍ 110 ഫലസ്തീനികള്‍ക്കും 20 ഇസ്രായേല്‍ പോലിസുകാര്‍ക്കും പരിക്കേറ്റു. 50 ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി പലസ്തീന്‍ അതോറിറ്റി വാര്‍ത്താ ഏജന്‍സിയായ വഫ അറിയിച്ചു. ഫലസ്തീന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് പ്രകാരം 105 പലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 22 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ഇസ്രായേല്‍ ദിനപത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാരിക്കേഡുകള്‍ സ്ഥാപിച്ചും ഫലസ്തീനികളുടെ ഐഡികള്‍ പരിശോധിച്ചും ഖലാന്തിയ, ബെത്‌ലഹേം സൈനിക ചെക്ക്‌പോസ്റ്റുകളിലൂടെ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള കുറച്ച് പേരെ മാത്രം നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചും ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിന് ചുറ്റുമുള്ള ചലന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൂടാതെ കൊവിഡ് 19 വാക്‌സിന്‍ ഇതുവരെ ലഭിക്കാത്ത ഫലസ്തീനികളെ തിരിച്ചയക്കുകയും ചെയ്തു.
ലെഹവ ഗ്രൂപ്പ്
തീവ്രവലതുപക്ഷ ഫലസ്തീന്‍ വിരുദ്ധ സംഘമാണ് ലെഹവ. ഈ സംഘടനയില്‍പെട്ട നൂറുകണക്കിന് ഇസ്രായേലി കുടിയേറ്റക്കാര്‍ വ്യാഴാഴ്ച വൈകീട്ട് ഷെയ്ഖ് ജറ, മുസ്‌റാര, വാദി അല്‍ജോസ്, കിഴക്കന്‍ ജറുസലേമിലെ ഫ്രഞ്ച് ഹില്‍ പ്രദേശങ്ങളില്‍ ഒത്തുകൂടുകയും അല്‍അഖ്‌സ മസ്ജിദില്‍നിന്ന് റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹ് കഴിഞ്ഞുവരുന്ന മുസ്‌ലിംകളെ ആക്രമിക്കുകയും ചെയ്തു.
'യഹൂദ സ്വാംശീകരണത്തെയും' 'വര്‍ണ സങ്കരത'യേയും ലെഹവ എതിര്‍ക്കുന്നു. ജൂത ഇസ്രായേലികളും ഫലസ്തീനികളുമായുള്ള വിവാഹങ്ങളെ നഖശിഖാന്തം ഇവര്‍ എതിര്‍ക്കുന്നു. അത് മുസ് ലിംകളോ ക്രിസ്ത്യാനികളോ ആയാലും ശരി. തീവ്ര വലതുപക്ഷക്കാരനായ ബെന്റ്‌സി ഗോപ്‌സ്‌റ്റൈന്‍ 2009ല്‍ സ്ഥാപിച്ച ഈ ഗ്രൂപ്പിന് വിവിധ നഗരങ്ങളില്‍ പതിനായിരത്തോളം അംഗങ്ങളുണ്ട്.
ഇസ്രായേലിലെ ജൂതഫലസ്തീന്‍ പൗരന്മാരെ പഠിപ്പിക്കുന്ന ഒരു മിക്‌സഡ് സ്‌കൂളിന് തീകൊളുത്തിയാണ് ലഹവ സംഘം മാധ്യമ ശ്രദ്ധ നേടുന്നത്. 2014ല്‍ ഒരു ഫലസ്തീന്‍ പുരുഷനും ഒരു ഇസ്രായേലി സ്ത്രീയും തമ്മിലുള്ള വിവാഹ പാര്‍ട്ടി അലങ്കോലമാക്കിയും ലെഹവ ശ്രദ്ധ ആകര്‍ഷിച്ചു.