ശെയ്ഖ് ജര്‍റാഹിനെ അടച്ച സൈനിക മേഖലയായി പ്രഖ്യാപിച്ച് ഇസ്രായേല്‍
ഫലസ്തീനികളിലേക്കു പ്രവേശനം പരിമിതപ്പെടുത്തിയപ്പോള്‍ അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് നിര്‍ബാധം സഞ്ചരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്.
ജെറുസലേം: മസ്ജിദുല്‍ അഖ്‌സയുടെ പ്രാന്തഭാഗത്തുള്ള ശെയ്ഖ് ജര്‍റാഹിനെ അടച്ച സൈനിക മേഖലയായി പ്രഖ്യാപിച്ച് ഇസ്രായേല്‍. ഫലസ്തീനികളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയപ്പോള്‍ അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് നിര്‍ബാധം സഞ്ചരിക്കാന്‍ അനുമതി നല്‍കുന്നുണ്ട്.
കിഴക്കന്‍ ജറുസലേമിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഏരിയ സിയിലും അധിനിവേശ രാജ്യത്തിന്റെ വംശീയ ശുദ്ധീകരണ കാമ്പയിനിന്റെ ഭാഗമായി പുറത്താക്കല്‍ നടപടി നേരിടുന്ന തദ്ദേശീയര്‍ പുറത്തുപോയി തിരിച്ചുവരുമ്പോള്‍ കടുത്ത ഉപദ്രവങ്ങള്‍ക്കിരയാവുന്നതായി ആരോപിക്കുന്നു. അവരുടെ തിരിച്ചറിയില്‍ കാര്‍ഡുകള്‍ പരിശോധിക്കുകയും പരിശോധയുടെ പേരില്‍ അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച് അവരുടെ ഭവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കാതിരിക്കുകയാണ് അധിനിവേശ സൈന്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, കുടിയേറ്റക്കാര്‍ അവരുടെ ഇഷ്ടപ്രകാരം വരികയും പോവുകയും ചെയ്യുന്നു. അവരില്‍ പലരും റൈഫിളുകളും കത്തികളുമേന്തിയ സായുധരാണെന്നും ഫലസ്തീനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഫലസ്തീനികള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ചിട്ടുണ്ട്. ശെയ്ഖ് ജര്‍റാഹിലെ തദ്ദേശീയരായ ഫലസ്തീനികളെ ബലമായി കുടിയിറക്കാനുള്ള ഇസ്രായേല്‍ നീക്കമാണ് നിലവിലെ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിലെ മൂലഹേതു.