ഗസ സിറ്റി: ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇസ് ലാമിക് ജിഹാദ് കമാന്‍ഡറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ഖുദ്‌സ് ബ്രിഗേഡിന്റെ കമാന്‍ഡറായ തയ്‌സിര്‍ അല്‍ജബാരി ഗസ സിറ്റിയുടെ മധ്യഭാഗത്തുള്ള ഫലസ്തീന്‍ ടവറിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംഘം അറിയിച്ചു.
അല്‍ജബാരിയും അഞ്ച് വയസുകാരിയും ഉള്‍പ്പെടെ ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 44 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്.
ഗാസ സിറ്റിയിലെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് പുക പടര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കാനും തീ അണയ്ക്കാനും സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു മുതിര്‍ന്ന ഫലസ്തീന്‍ നേതാവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനിടേയാണ് ഇസ്രയേല്‍ വ്യോമാക്രമണം.
എന്താണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നോ സ്ഥിതിഗതികള്‍ എത്രത്തോളം വഷളാകുമെന്നോ വ്യക്തമല്ല. ഗാസയില്‍ ഉടനീളം ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഡ്രോണുകള്‍ പറക്കുന്നത് കേള്‍ക്കാമായിരുന്നു.
'ഐഡിഎഫ് ഇസ്രായേല്‍ പ്രതിരോധ സേന നിലവില്‍ ഗസ മുനമ്പില്‍ ആക്രമണം നടത്തുകയാണ്. ഇസ്രായേലി ഹോം ഗ്രൗണ്ടില്‍ ഒരു പ്രത്യേക സാഹചര്യം പ്രഖ്യാപിച്ചിട്ടുണ്ട്,' ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നാലെ ഉണ്ടാകുമെന്നും അറിയിച്ചു.
തിങ്കളാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന അംഗത്തെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രതികരണത്തിനായി ഇസ്രായേല്‍ ഈ ആഴ്ച ആദ്യം ഗസയ്ക്ക് ചുറ്റുമുള്ള റോഡുകള്‍ അടയ്ക്കുകയും അതിര്‍ത്തിയിലേക്ക് ശക്തിപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ചത്തെ ആക്രമണത്തോട് ശക്തമായി പ്രതികരിക്കുമെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പ്രസ്താവനയില്‍ പറഞ്ഞു.