ചെങ്കടലില്‍ ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടു; പിന്നില്‍ ഇസ്രായേലെന്ന് റിപോര്‍ട്ട്

തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

Update: 2021-04-07 19:28 GMT

തെഹ്‌റാന്‍: ചെങ്കടലില്‍ വര്‍ഷങ്ങളായി നങ്കൂരമിട്ട ഇറാനിയന്‍ കപ്പലായ സാവിസിനു നേരെ ആക്രമണം. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) തമ്പടിച്ചതെന്ന് കരുതപ്പെടുന്ന ചരക്കുകപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ആറോടെ ജിബൂട്ടി തീരത്തോട് ചേര്‍ന്ന് നങ്കൂരമിട്ട എം വി സാവിസിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി അവസാനം മുതല്‍ ഇസ്രായേല്‍, ഇറാന്‍ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണ പരമ്പരകളില്‍ പുതിയ സംഭവമാണിത്.

കപ്പല്‍ പാതകളില്‍ സമുദ്ര സുരക്ഷ ഉറപ്പാക്കാനും കടല്‍ക്കൊള്ളയെ പ്രതിരോധിക്കാനും സാവിസ് സിവിലിയന്‍ കപ്പല്‍ ചെങ്കടല്‍ മേഖലയിലും ഏദന്‍ ഉള്‍ക്കടലിലും നിലയുറപ്പിച്ചിരുന്നതായി ഇറാന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

'ഈ കപ്പല്‍ പ്രായോഗികമായി ചെങ്കടലിലെ ഇറാന്റെ ഒരു ലോജിസ്റ്റിക് സ്‌റ്റേഷനായി (സാങ്കേതിക പിന്തുണയും ലോജിസ്റ്റിക്‌സും) പ്രവര്‍ത്തിച്ചിട്ടുണ്ട്, അതിനാല്‍ ഈ കപ്പലിന്റെ സവിശേഷതകളും ദൗത്യവും മുമ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

നേരത്തെ ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന് പ്രതികാരമായാണ് ആക്രമണമെന്ന് ഇസ്രായേല്‍ അറിയിച്ചതായി പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് റിപോര്‍ട്ട് ചെയ്തു.


Tags:    

Similar News