ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കൊലയാളിക്ക് പിന്തുണയുമായി ഇസ്രയേലി റബ്ബികള്‍

2015 ജൂലൈ 31ന് രാത്രിയുടെ മറവില്‍ വീടിന് തീവച്ച് കുഞ്ഞ് അലി ദവാബ്‌ഷെയെയും മാതാപിതാക്കളായ സഅദിനേയും റിഹാമിനേയും ചുട്ടുകൊന്ന കേസിലെ പ്രതി അമീറാം ബെന്‍ ഉലിയലിനെ പിന്തുണച്ചാണ് സയണിസ്റ്റ് കൂട്ടായ്മയിലെ ഒരു കൂട്ടം റബ്ബികള്‍ (യഹൂദ പുരോഹിതര്‍) പ്രസ്താവനയിറക്കിയത്.

Update: 2020-09-18 07:18 GMT

തെല്‍അവീവ്: ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കേസില്‍ മൂന്ന് ജീവപര്യന്തം തടവുകള്‍ക്ക് ശിക്ഷിക്കപ്പെട്ട സയണിസ്റ്റ് കൊലയാളിക്ക് പിന്തുണയുമായി ഒരു കൂട്ടം ഇസ്രയേലി റബ്ബികള്‍. 2015 ജൂലൈ 31ന് രാത്രിയുടെ മറവില്‍ വീടിന് തീവച്ച് കുഞ്ഞ് അലി ദവാബ്‌ഷെയെയും മാതാപിതാക്കളായ സഅദിനേയും റിഹാമിനേയും ചുട്ടുകൊന്ന കേസിലെ പ്രതി അമീറാം ബെന്‍ ഉലിയലിനെ പിന്തുണച്ചാണ് സയണിസ്റ്റ് കൂട്ടായ്മയിലെ ഒരു കൂട്ടം റബ്ബികള്‍ (യഹൂദ പുരോഹിതര്‍) പ്രസ്താവനയിറക്കിയത്.

ബെന്‍ ഉലിയലിന്റെ കുറ്റസമ്മതം പീഡനങ്ങളെതുടര്‍ന്നാണെന്നും അതിനാല്‍ ഇത് നിയമപരമായി അംഗീകരിക്കാനാവില്ലെന്നും കൊലയാളിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ സംഘം അവകാശപ്പെട്ടു. ഇസ്രായേലില്‍ ഏറ്റവും സ്വാധീനമുള്ള മതനേതാവായ റബ്ബി ഹൈം ഡ്രുക്മാന്‍ ഉള്‍പ്പെടെ രണ്ട് ഡസനോളം റബ്ബികളാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

നിരപരാധിയായ ഒരു മനുഷ്യനെ ശിഷ്ടകാലം മുഴുവന്‍ നമ്മുടെ കണ്‍മുമ്പില്‍വച്ച് ജയിലില്‍ അടയ്ക്കുമെന്ന ആശങ്ക നമ്മെ വിശ്രമിക്കാന്‍ അനുവദിക്കരുതെന്ന് റബ്ബികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബെന്‍ ഉലിയലിന് നീതി ലഭിക്കാന്‍ പരമാവധി സഹായിക്കേണ്ടത് തങ്ങളുടെ കടമയാണ്. വിധിക്കെതിരേ ഇസ്രയേല്‍ പരമോന്നത കോടതിയെ സമീപിക്കാനൊരുങ്ങുന്ന മുതിര്‍ന്ന അഭിഭാഷകരുടെ സംഘത്തിനായി പൊതുജനങ്ങള്‍ക്ക് 'ഉദാരമായും ഹൃദയത്തില്‍ നിന്നും' സംഭാവന നല്‍കാനും സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയര്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള പ്രമുഖ ഇസ്രയേല്‍ വ്യക്തിത്വങ്ങളും ഈ ആഹ്വാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

അറബ് വിരുദ്ധ/ ഫലസ്തീന്‍ സംഘര്‍ഷങ്ങളില്‍നിന്നുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് യഹൂദ ഇസ്രായേലികളെ സംരക്ഷിക്കുന്നതിനുള്ള തീവ്ര വലതുപക്ഷ നിയമ സഹായ ഗ്രൂപ്പായ ഹൊനെനുവിന്റെ ബെന്‍ യൂലിയല്‍ സഹായ നിധിയിലേക്ക് ഫണ്ട് നല്‍കുന്നതിനുള്ള ലിങ്കും യെയര്‍ നെതന്യാഹു റീട്വീറ്റ് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ തലത്തിലായാലും മതസ്ഥാപനത്തിലായാലും ഇസ്രായേല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വംശീയതയുടെ തോത് വെളിപ്പെടുത്തുന്നതാണ് റബ്ബിമാരുടെ നീക്കമെന്ന് ബെന്‍ ഉലിയേലിന്റെ മോചനത്തിനായുള്ള റബ്ബികളുടെ ആഹ്വാനത്തിന് മറുപടിയായി ബ്രിട്ടീഷ്ഫലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ സഹേര്‍ ബിറാവി പ്രതികരിച്ചു.

Tags:    

Similar News