അല്‍ശിഫാ ആശുപത്രിയില്‍ സ്ഥിതി ഭയാനകം

Update: 2023-11-15 14:19 GMT

ഗസാ സിറ്റി: ഇസ്രായേലിന്റെ കൂട്ടക്കുരുതിയില്‍ പരിക്കേറ്റും മറ്റും ആയിരക്കണക്കിന് ആളുകള്‍ അഭയം തേടിയ ഗസയിലെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രമായ അല്‍ഷിഫാ ആശുപത്രിയില്‍ അധിനിവേശ സൈന്യത്തിന്റെ ക്രൂരത. അത്യാഹിത വിഭാഗം മുതല്‍ ആശുപത്രി കെട്ടിടം ചുറ്റും യുദ്ധടാങ്കുകള്‍ വിന്യസിച്ചതിനു പുറമെ ആശുപത്രിക്കുള്ളില്‍ കയറി സൈനികരുടെ അതിക്രമം. മതിലുകള്‍ തകര്‍ക്കുകയും നിരവധി പേരെ പിടിച്ചുകൊണ്ടുപോയി വസ്ത്രമഴിച്ച്, കണ്ണുകെട്ടി ചോദ്യം ചെയ്യുകയും ചെയ്യുന്നതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. യുദ്ധം തുടങ്ങിയതു മുതല്‍ ഇസ്രായേല്‍ തുടരുന്ന പച്ചക്കള്ളം തന്നെയാണ് അല്‍ഷിഫാ ആശുപത്രി ആക്രമണത്തിനും ഉപയോഗിക്കുന്നത്. ആശുപത്രികളെ ഹമാസ് കേന്ദ്രങ്ങളാക്കി ഉപയോഗിക്കുന്നുവെന്ന അധിനിവേശ സൈന്യത്തിന്റെ ആരോപണങ്ങള്‍ തെളിയിക്കുന്ന യാതൊന്നും ലഭ്യമായിട്ടില്ലെന്നു മാത്രമല്ല, ബന്ദികളാക്കപ്പെട്ടവര്‍ ആരുംതന്നെ ഇവിടെയുണ്ടെന്ന സൂചനയും ലഭ്യമായിട്ടില്ല. അതേസമയം, ക്രൂരമായ കൂട്ടക്കൊലകളെ ന്യായീകരിക്കാനാണ് ഇസ്രായേലും അമേരിക്കയും ശ്രമിക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ആശുപത്രിക്കുള്ളിലുള്ള ആയിരക്കണക്കിന് ആളുകളുടെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനും യുഎസിനും അന്താരാഷ്ട്ര സമൂഹത്തിനുമാണെന്ന് ഗസ ആരോഗ്യമന്ത്രാലം പ്രസ്താവിച്ചു.

   


അന്താരാഷ്ട്ര മര്യാദകള്‍ സമ്പൂര്‍ണമായി കാറ്റില്‍പ്പറത്തിയും പ്രതിഷേധങ്ങളെ മുഖവിലയ്‌ക്കെടുക്കാതെയും ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയാണ് ഗസയിലെ അല്‍ശിഫാ ആശുപത്രിയിലേക്ക് ഇസ്രായേല്‍ അധിനിവേശ സൈന്യം കടന്നുകയറിയത്. 650 രോഗികളും 7000ത്തോളം സിവിലിയന്‍മാരും ആയിരത്തോളം ആരോഗ്യപ്രവര്‍ത്തകരും ആശുപത്രിക്കുള്ളി ഉണ്ടായിരിക്കെയാണ് ഇസ്രായേല്‍ സൈന്യം അതിക്രമിച്ചുകയറിയത്. ആശുപത്രി ഒഴിയണമെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പ് തള്ളിയ അധികൃതര്‍ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് യുദ്ധ ടാങ്കുകളും മറ്റുമായി അര്‍ധരാത്രി കടന്നുകയറിയത്. അല്‍ഷിഫാ ആശുപത്രിയില്‍ നിന്ന് തലങ്ങും വിലങ്ങും വെടിയൊച്ചകള്‍ കേള്‍ക്കുന്നതായി ഗസ ആരോഗ്യമന്ത്രാലയവും അറിയിച്ചു. വ്യോമാക്രമണത്തിലും വെടിവയ്പിലും വെള്ളവും വെളിച്ചവും വൈദ്യുതിയും മുടക്കി ഉപരോധിച്ചതിലൂടെ അല്‍ ഷിഫ ആശുപത്രിയില്‍ കൊല്ലപ്പെട്ട 179 ഫലസ്തീനികളെ കഴിഞ്ഞ ദിവസം ആശുപത്രിവളപ്പില്‍തന്നെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കിയിരുന്നു. ഇന്ധനം തീര്‍ന്ന് ഇരുട്ടിലായതു കാരണം ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളുമാണ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നത്. ആശുപത്രി വളപ്പില്‍ അഴുകിയ നിലയിലായിരുന്ന മയ്യിത്തുകള്‍ പുറത്തേക്കു മാറ്റുന്നത് വിലക്കിയതോടെയാണ് ആശുപത്രി വളപ്പില്‍ തന്നെ ഖബറിടമൊരുക്കിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്ക്കിടെ ആശുപത്രി മുറ്റത്ത് തന്നെ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചാണ് ഖബറടക്കിയത്.

   

Full View

അതേസമയം, ഇസ്രായേലി സൈന്യത്തിന്റെ കടന്നുകയറ്റം രോഗികളിലും കുടിയിറക്കപ്പെട്ടവരിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും ഭയം ജനിപ്പിച്ചതായി അല്‍ഷിഫാ ആശുപത്രിയിലെ ഡോക്ടര്‍ അഹമ്മദ് മൊഖല്ലലാത്തി പറഞ്ഞു. സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. ഇസ്രായേല്‍ ടാങ്കുകള്‍ ആശുപത്രിക്കുള്ളിലും ആശുപത്രിക്ക് ചുറ്റുമുണ്ട്. ഇന്നലെ വൈകീട്ട് മുതല്‍ തുടര്‍ച്ചയായ വെടിവയ്പുകളും ബോംബാക്രമണങ്ങളും ഉണ്ടായി. തികച്ചും ഭയാനകമായ സമയമാണ്. കുടുംബങ്ങള്‍ക്കും കുട്ടികളുമായി ആശുപത്രിയില്‍ അഭയം പ്രാപിച്ച സാധാരണക്കാര്‍ക്കും രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഭയാനകരമായ സ്ഥിതിയാണ്. വെള്ളമില്ലാത്തതിനാല്‍ ടോയ്‌ലറ്റില്‍ പോവുന്നവരുടെ അടിസ്ഥാന ശുചിത്വം പ്രധാന വെല്ലുവിളിയാണ്. ആറു ദിവസമായി ആശുപത്രിയില്‍ ഭക്ഷണവും കുടിവെള്ളവും എത്തിയിട്ടില്ല. ആശുപത്രിക്കുള്ളില്‍ ഓക്‌സിജന്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനരഹിതമാണ്. സ്ഥിതി ഞെട്ടിപ്പിക്കുന്നതും മോശവുമാണ്. ലോകം മുഴുവന്‍ ഈ കുറ്റകൃത്യത്തിന് സാക്ഷ്യം വഹിക്കുകയും എല്ലാവരുടെയും മുന്നില്‍ നടക്കുന്നതെല്ലാം കാണുകയും ചെയ്യുന്നു. എന്നിട്ടും ആരും തടഞ്ഞിട്ടില്ല, ആരും ഇത് അനുവദനീയമല്ലെന്ന് ഉറക്കെ പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര സമൂഹം എവിടെയാണ്. യുദ്ധമേഖലകളില്‍ മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാനും ആരോഗ്യ സംവിധാനത്തെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി രൂപീകരിച്ച അന്താരാഷ്ട്ര സംഘടന എവിടെയാണ്. ഞങ്ങളെല്ലാം ഇപ്പോള്‍ കെട്ടിടത്തിനുള്ളിലാണ്. പുറത്ത് എന്താണെന്ന് ജനലിലൂടെ പരിശോധിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഞങ്ങള്‍ക്ക് കുടിക്കാനോ തിന്നാനോ ഒന്നും ലഭിക്കുന്നില്ലെന്നും ഡോക്ടര്‍ അല്‍ജസീറയോട് പറഞ്ഞു.

    ഏകദേശം 30ഓളം പേരെ കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോയതായും വിവസ്ത്രരാക്കിയതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കണ്ണുകള്‍ കെട്ടി ആശുപത്രി മുറ്റത്ത് നിര്‍ത്തിയിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിന്റെ മുന്‍വശത്ത് ഒരു ടാങ്കുണ്ട്. സ്‌പെഷ്യലൈസ്ഡ് സര്‍ജറി കെട്ടിടത്തിനുള്ളിലെ പാര്‍ട്ടീഷനുകളെല്ലാം സൈന്യം വലിച്ചുകീറി. മുറികള്‍ക്കിടയിലുള്ള എല്ലാ മതിലുകളും തകര്‍ത്തു. ആളുകളെ ഓരോരുത്തരെയായി വിളിച്ച് ചോദ്യം ചെയ്യുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ് തുടരുന്നത് കാരണം മെഡിക്കല്‍ ജീവനക്കാരെ ജനലുകള്‍ക്കു സമീപത്തുനിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയതായി അല്‍ഷിഫ ആശുപത്രിക്കുള്ളില്‍ കഴിയുന്ന ഡോക്ടര്‍ അഹമ്മദ് അല്‍ മൊഖല്ലലാതി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയിലൂടെ അല്‍ഷിഫാ ആശുപത്രിയില്‍ കൂട്ടക്കൊല നടക്കുമെന്ന് ഗസ മാധ്യമ ഓഫിസ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന്റെ നടപടികളെ യുദ്ധക്കുറ്റമെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്നും വിശേഷിപ്പിച്ച ഗസാ മീഡിയാ ഓഫിസ്, ഇതിന്റെയെല്ലാം പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിനും യുഎസിനും അന്താരാഷ്ട്ര സമൂഹത്തിനുമാണെന്നും പ്രസ്താവിച്ചു.

    അതേസമയം, അല്‍ഷിഫാ ആശുപത്രി സമുച്ഛയത്തില്‍ ആക്രമണം നടത്തിയതിന് ശേഷം ഇടയ്ക്കിടെ വെടിവയ്പ് തുടരുന്നതിനാല്‍ ഒരു കൃത്രിമ രംഗം തയ്യാറാക്കി ഹമാസ് കേന്ദ്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ആശങ്ക പ്രകടിപ്പിച്ചു. നിഷ്പക്ഷ നിരീക്ഷകരില്ലാതെ ഇസ്രായേല്‍ സൈന്യം ആശുപത്രി സമുച്ഛയം പൂര്‍ണമായും നിയന്ത്രിക്കുകയാണ്. ഹമാസിന്റെ സൈനിക ക്യാംപാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള വാര്‍ത്തയുണ്ടാക്കിയേക്കാമെന്നും അകത്ത് സൈന്യം കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്നതിനര്‍ത്ഥം അതായിരിക്കാമെന്നും സംഘടന പ്രസ്താവിച്ചു. ഒക്‌ടോബര്‍ ഏഴുമുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 12000ത്തോട് അടുക്കുകയാണ്.

Tags:    

Similar News