പാരിസ്: ലെബനനിലേക്ക് സൈന്യത്തെ അയച്ച് കരയുദ്ധത്തിനൊരുങ്ങുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ . ഇസ്രായേലിലേക്ക് അമേരിക്ക ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
' ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത് ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് മടങ്ങുക എന്നതാണ്. ലെബനന്‍ മണ്ണിലെ ഗ്രൗണ്ട് ഓപ്പറേഷനുകള്‍ക്കു വേണ്ടി കോപ്പ് കൂട്ടുന്ന ഈ സമയത്ത് നെതന്യാഹുവിന്റെ പ്രവൃത്തിയില്‍ ഞാന്‍ ഖേദിക്കുന്നു. ലെബനന്‍ ഇനി അടുത്ത ഗസയായി കൂടാ.''ഒരു പ്രാദേശിക മാധ്യമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.
വെടിനിര്‍ത്തലിന് ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങള്‍ക്കിടയിലും തുടരുന്ന ഗസയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള തന്റെ ആശങ്കയും അദ്ദേഹം പങ്കു വെച്ചു.യുദ്ധം വിദ്വേഷത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് മാക്രോണ്‍ ആഹ്വാനം ചെയ്യുന്നത് 'നാണക്കേടാണ്' എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.