ഫലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ മൂന്നുപേരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

Update: 2021-06-10 16:37 GMT
ഗസ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നുപേരെ വെടിവച്ചു കൊന്നു. ഫലസ്തീന്‍ അതോറിറ്റിയുടെ മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ രണ്ടുപേരെയും ഈയിടെ ഇസ്രായേല്‍ ജയിലില്‍ നിന്നു മോചിതനായ ഒരാളെയുമാണ് വെടിവച്ച് കൊന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ ആദം യാസിര്‍ അലവി(23), തയ്‌സീര്‍ ഈസ(32) എന്നിവരാണെന്നു ഫലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സിയായ വഫ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു. ഈയിടെ ഇസ്രായേല്‍ ജയിലില്‍ നിന്നു മോചിതനായ ജാമില്‍ അല്‍ അമുരിയാണ് കൊല്ലപ്പെട്ട മൂന്നാമന്‍. ഇദ്ദേഹം ഇസ് ലാമിക് ജിഹാദ് അംഗമാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. മറ്റൊരു ഫലസ്തീനിയന്‍ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ ബസൂറി(23)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിവിലിയന്‍ വാഹനത്തിലെത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യ ആക്രമണമായിരുന്നുവെന്നാണ് റിപോര്‍ട്ട്. ആദം യാസിര്‍ അലവിയുടെ മയ്യിത്ത് ആയിരക്കണക്കിന് പേരുടെ അകമ്പടിയിലാണ് കൊണ്ടുപോയത്. മറ്റുള്ളവരുടെ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

   


ആക്രമണത്തെ അപലപിച്ച ഫലസ്തീന്‍ മഹ്മൂദ് അബ്ബാസ്, ഇസ്രായേലിന്റേത് അപകടകരമായ ആക്രമണമാണെന്നും വിമര്‍ശിച്ചു. അന്താരാഷ്ട്ര സമൂഹവും അമേരിക്കയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അദ്ദേഹത്തിന്റെ വക്താവ് നബീല്‍ അബൂ റുദൈന ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ ഇസ്രായേല്‍ സൈന്യവും പോലിസും പ്രതികരിച്ചിട്ടില്ല. ഏറ്റുമുട്ടലിലാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്നാണ് പേര് വെളിപ്പെടുത്താത്ത ഇസ്രായേല്‍ ജീവനക്കാരന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.

    1990 കളില്‍ ഒപ്പുവച്ച ഇടക്കാല സമാധാന കരാറുകള്‍ പ്രകാരം, ഫലസ്തീന്‍ അതോറിറ്റിക്ക് ചില സ്ഥലങ്ങളില്‍ പരിമിതമായ സ്വയംഭരണാവകാശമുണ്ട്. വെസ്റ്റ് ബാങ്കിന്റെ ഏകദേശം 40 ശതമാനത്തോളം ഇതില്‍പ്പെട്ടതാണ്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അമിതാധികാരം പ്രയോഗിക്കുകയും ഫലസ്തീന്‍ നഗരങ്ങളിലും ഫലസ്തീന്‍ അതോറിറ്റി ഭരിക്കുന്ന നഗരങ്ങളിലും അറസ്റ്റും റെയ്ഡുകളും നടത്തുകയും ചെയ്യുന്നുണ്ട്. 1993ലെ ഓസ് ലോ കരാറിലെ 'സുരക്ഷാ ഏകോപനം' എന്ന സമ്പ്രദായപ്രകാരം ഇസ്രായേല്‍ അധിനിവേശത്തിനെതിരായ സായുധ പ്രതിരോധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രയേലുമായി പങ്കിടാന്‍ ഫലസ്തീന്‍ അതോറിറ്റി ബാധ്യസ്ഥനാണ്. അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേലി പദ്ധതിക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഇത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇത്തരം ഇടപാടിനെ ഹമാസ് വിമര്‍ശിക്കാറുണ്ട്. ഇസ്രായേല്‍ അധികൃതരുമായുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ സഹകരണം കാരണം നിരവധി ഹമാസ് അംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗസയ്‌ക്കെതിരായ 11 ദിവസത്തെ ഇസ്രായേല്‍ ആക്രമണത്തിനു ശേഷം സമാധാനം പുനസ്ഥാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 66 കുട്ടികളടക്കം 250ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 12 പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടിരുന്നു.

Israeli forces kill Palestinian officers in West Bank

Tags:    

Similar News