വീട് കത്തിച്ച് ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കേസ്: ജൂത കുടിയേറ്റക്കാരനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് 25കാരനായ ജൂത കുടിയേറ്റക്കാരന്‍ അമീരാം ബെന്‍ ഉലിയലിനെ ലോഡ് കോടതി ശിക്ഷിച്ചത്. വിദ്വേഷ കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചനയ്‌ക്കൊപ്പം കൊലപാതകശ്രമം, തീവയ്പ് എന്നീ രണ്ട് കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ വീട് അഗ്നിക്കിരയാക്കി പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള ഫലസ്തീനി കുടുംബത്തെ ചുട്ടുകൊന്ന കേസില്‍ ജൂത കുടിയേറ്റക്കാരനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഇസ്രായേല്‍ കോടതി. 2015ലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ അരുംകൊല അരങ്ങേറിയത്.
സംഭവത്തില്‍ കുറ്റസമ്മതം നടത്തിയതിനു പിന്നാലെയാണ് 25കാരനായ ജൂത കുടിയേറ്റക്കാരന്‍ അമീരാം ബെന്‍ ഉലിയലിനെ ലോഡ് കോടതി ശിക്ഷിച്ചത്. വിദ്വേഷ കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചനയ്‌ക്കൊപ്പം കൊലപാതകശ്രമം, തീവയ്പ് എന്നീ രണ്ട് കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
തീപിടുത്തത്തില്‍ 18 മാസം പ്രായമുള്ള അലി ദവാബ്‌ഷെ സംഭവസ്ഥലത്തുവച്ചും മാതാവ് റിഹാമും പിതാവ് സാദും ഗുരുതര പൊള്ളലേറ്റ് ചികില്‍സയിലിരിക്കേയുമാണ് മരിച്ചത്. അലിയുടെ നാലു വയസുകാരന്‍ സഹോദരന്‍ അഹ്മദ് പൊള്ളലുകളോടെ രക്ഷപ്പെട്ടിരുന്നു. ക്രൂരമായ ആക്രമണത്തിനെതിരേ ഫലസ്തീന്‍ കുടുംബം ഇസ്രായേലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
ബെന്‍ഉലിയലിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം നെഞ്ചേറ്റിയ പ്രത്യയശാസ്ത്രത്തില്‍ നിന്നും വര്‍ഗീയതയില്‍ നിന്നുമാണ് ഈ കൊടിയ ആക്രമണം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ശിക്ഷ 'നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അടുത്താണ്' എന്ന് കോടതി ഉത്തരവില്‍ പറയുന്നു. അതേസമയം, ഒരു ജയില്‍ ശിക്ഷ കൊണ്ടും കുറ്റകൃത്യത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിയില്ലെന്ന് ദവാബ്‌ഷെ കുടുംബം പറഞ്ഞു.