സൗദിയിലുടനീളം ജൂത കമ്മ്യൂണിറ്റി സെന്ററുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇസ്രായേലിലെ ജൂത റബ്ബി
രാജ്യത്തെത്തുന്ന ജൂതന്മാര്‍ക്ക് സേവനങ്ങള്‍ നല്‍കാനും രാജ്യത്ത് ജൂത പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
റിയാദ്: ഇസ്‌ലാം മത വിശ്വാസികളുടെ പുണ്യനഗരമായ മക്കയും മദീനയും ഉള്‍കൊള്ളുന്ന സൗദി അറേബ്യയില്‍ ഉടനീളം ജൂത കമ്മ്യൂണിറ്റി സെന്ററുകളുടെ ഒരു നിര സ്ഥാപിക്കാന്‍ ഒരുങ്ങി യുഎസ്-ഇസ്രായേലി ഇരട്ട പൗരത്വമുള്ള ജൂത റബ്ബി ജേക്കബ് ഹെര്‍സോഗ്. രാജ്യത്തെത്തുന്ന ജൂതന്മാര്‍ക്ക് സേവനങ്ങള്‍ നല്‍കാനും രാജ്യത്ത് ജൂത പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
ഇതിനായി ജേക്കബ് ഹെര്‍സോഗ് സൗദി അറേബ്യ സന്ദര്‍ശിക്കുകയും രാജ്യ തലസ്ഥാനമായ റിയാദിലെ തെരുവുകളില്‍ ആളുകളെ കാണുകയും ജൂത വിശ്വാസത്തോടുള്ള അവരുടെ തുറന്ന മനസ്സ് വിലയിരുത്തുകയും ചെയ്തു. ഒരു ഓര്‍ത്തഡോക്‌സ് ജൂത അമേരിക്കക്കാരന്‍ എന്ന നിലയില്‍ സൗദി സ്വന്തം വീടുപോലെയാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണിത്.
'വര്‍ഷങ്ങളായി അവര്‍ കൂടുതല്‍ ആധുനിക ആശയങ്ങള്‍ സ്വീകരിക്കുന്നു, എന്നാല്‍ അത് പറയുമ്പോള്‍ അവര്‍ അവരുടെ പൈതൃകവും സമ്പന്നമായ ചരിത്രവും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു,' ഐ24 ന്യൂസിനോട് റബ്ബി പറഞ്ഞു. രാജ്യത്ത് തദ്ദേശീയരായ ജൂത സമൂഹമില്ല, പക്ഷേ ഗണ്യമായ എണ്ണം ജൂതന്മാര്‍ വിനോദസഞ്ചാരത്തിനോ ബിസിനസ്സ് ആവശ്യാര്‍ത്ഥമോ സൗദിയിലേക്ക് വരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ബഹ്‌റയ്‌നും യുനൈറ്റഡ് അറബ് എമിറേറ്റുകളും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയുമായുള്ള ഇസ്രയേലിന്റെ ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.