തുര്‍ക്കിയുമായുള്ള പ്രതിരോധ ബന്ധം പുനരാരംഭിച്ച് ഇസ്രായേല്‍
തെല്‍അവീവും ആങ്കറയും നയതന്ത്രബന്ധം പുതുക്കി രണ്ട് മാസത്തിന് ശേഷം നാറ്റോവിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ തുര്‍ക്കിയിലേക്ക് നടത്തിയ ഏകദിന യാത്രയ്ക്കിടെയാണ് ഗാന്റ്‌സ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അങ്കാറ: ഒരു ദശാബ്ദക്കാലമായി തകര്‍ന്നുകിടക്കുന്ന ബന്ധം പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെ തുര്‍ക്കിയുമായുള്ള സുരക്ഷാ ബന്ധത്തില്‍ പുതിയ യുഗം പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്.
തെല്‍അവീവും ആങ്കറയും നയതന്ത്രബന്ധം പുതുക്കി രണ്ട് മാസത്തിന് ശേഷം നാറ്റോവിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ തുര്‍ക്കിയിലേക്ക് നടത്തിയ ഏകദിന യാത്രയ്ക്കിടെയാണ് ഗാന്റ്‌സ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പതിറ്റാണ്ടുകളായി വിച്ഛേദിക്കപ്പെട്ട ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രങ്ങള്‍. തുര്‍ക്കിയും ഇസ്രായേലും രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്.
ഒരു പതിറ്റാണ്ടിലധികം ഔദ്യോഗികമായ യാതൊരു പ്രതിരോധ ബന്ധങ്ങളുമുണ്ടായിരുന്നില്ലെന്ന് ഗാന്റ്‌സ് വ്യാഴാഴ്ച പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രതിരോധ മന്ത്രി ഹുലുസി അകാര്‍ എന്നിവരുമായി ആങ്കറയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
1949ല്‍ ഇസ്രായേലിനെ അംഗീകരിക്കുന്ന ആദ്യ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായി തുര്‍ക്കി മാറിയിരുന്നു. എന്നാല്‍, 2008ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ സൈനിക നടപടിക്ക് ശേഷം നയതന്ത്ര ബന്ധം വഷളായി. 2010ല്‍ ഇസ്രായേല്‍ തുര്‍ക്കിയുടെ മാവി മര്‍മറ കപ്പല്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ബന്ധം തുര്‍ക്കി ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചു. ആക്രമണത്തില്‍ പത്ത് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ ഉപരോധം ലംഘിച്ച് ഗസ്സയിലേക്ക് സഹായമെത്തിക്കുന്ന കപ്പല്‍ ലക്ഷ്യംവെച്ച് ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു.