ഗസയിലെ കൂട്ടക്കുരുതി രണ്ടാം വാരത്തിലേക്ക്; കുറ്റകരമായ മൗനം തുടര്‍ന്ന് ലോകരാജ്യങ്ങള്‍

കടുത്ത ഉപരോധം നേരിടുന്ന ഗസയിലെ കാര്‍ഷിക മേഖലയേയും തെരുവുകളേയും അടിസ്ഥാന സൗകര്യങ്ങളേയുമാണ് രണ്ടാം വാരത്തിലേക്ക് കടന്ന ആക്രമണം ലക്ഷ്യമിട്ടത്.

Update: 2021-05-17 17:25 GMT

ഗസാ സിറ്റി: ലോക രാജ്യങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയോടെ ഗസാ മുനമ്പില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍ അധിനിവേശ സൈന്യം. ഗസയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയും കനത്ത ആക്രമണമാണ് സയണിസ്റ്റ് സൈന്യം അഴിച്ചുവിട്ടത്. 58 കുട്ടികളും 34 സ്ത്രീകളുമടക്കം ഇതുവരെ 197 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കടുത്ത ഉപരോധം നേരിടുന്ന ഗസയിലെ കാര്‍ഷിക മേഖലയേയും തെരുവുകളേയും അടിസ്ഥാന സൗകര്യങ്ങളേയുമാണ് രണ്ടാം വാരത്തിലേക്ക് കടന്ന ആക്രമണം ലക്ഷ്യമിട്ടത്.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ സര്‍വ ശക്തിയോടെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. 42 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഞായറാഴ്ചയിലെ വ്യോമാക്രമണത്തേക്കാള്‍ ശക്തമായിരുന്നു ഗസാ സിറ്റിയുടെ വടക്കുമുതല്‍ തെക്കുവരെ പിടിച്ചുകലുക്കിയ സ്‌ഫോടനമെന്ന് അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതിന് തിരിച്ചടിയായി അസ്ഖലാന്‍, ബീര്‍ശബാ തുടങ്ങിയ ഇസ്രായേല്‍ നഗരങ്ങളിലേക്ക് ഹമാസ് റോക്കറ്റുകള്‍ തൊടുത്തു.

വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര തലത്തില്‍ ആഹ്വാനം ഉയരുന്നുണ്ടെങ്കിലും ക്രൂരമായ ആക്രമണം അവസാനിപ്പിക്കാനുള്ള ലക്ഷണമൊന്നും കാണാനില്ല. വ്യോമാക്രമണം റോഡുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കിയതായി ഗസ മേയര്‍ യഹ്‌യ സര്‍റാജ് അല്‍ ജസീറ ടിവിയോട് പറഞ്ഞു. ആക്രമണം തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ധനത്തിന്റേയും മറ്റ് സ്‌പെയര്‍ പാര്‍ട്‌സുകളുടേയും ദൗരലഭ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതിനിടെ, ഗസയിലെ ഏക വൈദ്യുത നിലയം കടുത്ത ഇന്ധന ക്ഷാമം നേരിടുന്നതായി യുഎന്‍ അറിയിച്ചു.പ്രദേശത്ത് ഇതിനകം 8 മുതല്‍ 12 മണിക്കൂര്‍ വരെ വൈദ്യുതി മുടക്കം അനുഭവപ്പെടുന്നുണ്ട്. കൂടാതെ കുടിവെള്ള ക്ഷാമവും മേഖലയിലുണ്ട്.

ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ പ്രദേശങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ വൈദ്യുതിയുടേയും കുടിവെള്ളത്തിന്റെയും ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗസാ കടലില്‍ വിന്യസിച്ച പടക്കപ്പലുകളില്‍നിന്നും ആക്രമണമുണ്ടായി. അതിനിടെ, ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യുഎന്‍ രക്ഷാ സമതിയുടെ അടിയന്തിര യോഗം ഒരു തീരുമാനമെടുക്കാനാവാതെ പിരിയുകയാണുണ്ടായത്. ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് കൊണ്ടുള്ള പ്രമേയത്തിന് യുഎസ് തടയിട്ടെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News