കുനാന്‍ പോഷ്‌പോര: കശ്മീരി സ്ത്രീകളെ സൈന്യം കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയിട്ട് 30 വര്‍ഷം
കുനാന്‍ പോഷ്‌പോര കൂട്ട ബലാല്‍സംഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി 10 വയസുകാരിയും പ്രായം കൂടിയ സ്ത്രീ എണ്‍പതുകാരിയും ആണ്.
കോഴിക്കോട്: കശ്മീരി സ്ത്രീകള്‍ ഫെബ്രുവരി 23 നെ അടയാളപ്പെടുത്തുന്നത് പ്രതിരോധത്തിന്റെ ദിവസമായിട്ടാണ്. കുപ്‌വാര ജില്ലയിലെ കുനാന്‍ പോഷ്‌പോര ഗ്രാമവാസികള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരത എറ്റുവാങ്ങേണ്ട ദിനമായിരുന്നു 1991 ഫെബ്രുവരി 23. രജ്പുത് റൈഫിള്‍സിലെ നൂറ്റി ഇരുപത്തഞ്ചോളം വരുന്ന പട്ടാളക്കാര്‍ തങ്ങളുടെ ഗ്രാമത്തിലെ നാല്‍പതോളം സ്ത്രീകളെ അതി ക്രൂരമായ് ബലാല്‍സംഗത്തിനിരയാക്കിയിട്ട് ഇന്നത്തേക്ക് മുപ്പത് വര്‍ഷം പിന്നിടുമ്പോഴും നീതിയെന്നത് അവര്‍ക്ക് അന്യമാണ്.
'മൂന്നു സൈനികര്‍ ചേര്‍ന്ന് എന്നെ കയറിപ്പിടിച്ചു. എട്ടു പത്തു പട്ടാളക്കാര്‍ എന്നെ മാറി മാറി ബലാല്‍സംഗം ചെയ്തു. അവരുടെ കയ്യില്‍ വലിയ ടോര്‍ച്ചുണ്ടായിരുന്നു. ഞാന്‍ ശബ്ദിക്കുമ്പോളൊക്കെ അവര്‍ ആ ടോര്‍ച്ചു കൊണ്ട് എന്റെ നഗ്‌ന ശരീരത്തില്‍ കുത്തി വേദനിപ്പിക്കുകയായിരുന്നു'. രാജ്യം ഒരു ആഴ്ച്ചക്കാലം ചര്‍ച്ച ചെയ്യുകയും പിന്നീട് മനപ്പൂര്‍വ്വം മറക്കുകയും ചെയ്ത കുനാന്‍ പോഷ്‌പോര സംഭവത്തിലെ ഇരയുടെ വാക്കുകളാണ് മുകളിലേത്.
ഡു യു റിമെമ്പര്‍ കുനാന്‍ പോഷ്‌പോര എന്ന പുസ്തകത്തിലൂടെയാണ് സൈന്യത്തിന്റെ ഈ ക്രൂരത ലോകമെമ്പാടും ചര്‍ച്ച ചെയ്തത്. കശ്മീരിലെ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരായ ഇഫ്രാ ബട്ട്, മുനാസ റാഷിദ്, നതാഷ റാതെര്‍, സംറീന്‍ മുഷ്താഖ്, എസ്സാര്‍ ബതൂല്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഭരണകൂടത്തിന്റെ ഈ നെറികേട് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ കാരണമായത്.
കുനാന്‍ പോഷ്‌പോര കൂട്ട ബലാല്‍സംഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി 10 വയസുകാരിയും പ്രായം കൂടിയ സ്ത്രീ എണ്‍പതുകാരിയും ആണ്. സംഭവത്തിലെ സൈനികര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കിയില്ലെന്ന് മാത്രമല്ല, കൃത്യമായി അന്വേഷണം നടത്തിയ കമ്മിറ്റികളുടെ റിപോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ഈയവസരത്തിലാണ് സംറീനയും കൂട്ടരും തെരുവിലേക്ക് ഇറങ്ങിയത്.
സ്ഥലത്തെ അമ്പത് സ്ത്രീകളുടെ പേരില്‍ കശ്മീര്‍ ഹൈക്കോടതിയില്‍ കുനാന്‍ പോഷ്‌പോറ കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടു പൊതു താല്പര്യ ഹരജി നല്‍കുകയായിരുന്നു. പിന്നീട് ഈ കേസിന് പിന്നാലെ നടന്നപ്പോള്‍ ലഭിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളും വസ്തുതകളും പുസ്തകമായി സമാഹരിക്കുകയായിരുന്നു. 1991 മാര്‍ച്ചില്‍ സൈന്യം പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നത് കുനാന്‍ പോഷ്‌പോര സംഭവം കെട്ടിച്ചമച്ചതും സൈനികരെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രചരിപ്പിക്കുന്നതുമാണെന്നാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, ശാരീരിക വൈകല്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെയും സൈന്യം ഈ ക്രൂരതയില്‍ നിന്ന് ഒഴിവാക്കിയില്ല. പെണ്‍മക്കളുടെ മുന്നില്‍ അമ്മമാരെ ബലാല്‍സംഗം ചെയ്തു. ഒരേ മുറിയില്‍ വെച്ചാണ് മുത്തശ്ശിമാരെയും പേരക്കുട്ടികളെയും ബലാല്‍സംഗം ചെയ്തത്. നെഞ്ചില്‍, ശരീരത്തില്‍ എല്ലായിടത്തും, അരക്കെട്ടില്‍ പോലും കടിയേറ്റതായി രക്ഷപ്പെട്ടവര്‍ പറഞ്ഞതായും നിരവധി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അന്ന് കശ്മീരിലെ ഡിവിഷന്‍ കമ്മീഷണറായ വജാഹത്ത് ഹബീബുല്ല ഈ ഗ്രാമ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ സര്‍ക്കാര്‍ നശിപ്പിച്ചുകളഞ്ഞതായി പിന്നീട് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ 1991 മാര്‍ച്ചില്‍ പോലിസിന് നല്‍കിയ മൊഴിയില്‍ ഇങ്ങനെ പറയുന്നു,
'രാത്രി 11 ന് വാതിലില്‍ മുട്ടുന്നത് കേട്ടു. വാതില്‍ തുറന്നപ്പോള്‍ പട്ടാളക്കാര്‍ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ സഹോദരനേയും പിടിച്ചുകൊണ്ടുപോയി. അതിന് പിന്നിലെ കുറച്ചു പട്ടാളക്കാര്‍ വീട്ടില്‍ തിരച്ചില്‍ നടത്തി. 'ആക്ഷേപകരമായ' ഒന്നും കണ്ടെത്താത്തതിനാല്‍ അവര്‍ എന്നെ പിടിച്ച് ബലാല്‍സംഗം ചെയ്തു. എന്നെ ബലാല്‍സംഗം ചെയ്യുന്നതിനിടെ അവര്‍ മദ്യം കഴിക്കുകയായിരുന്നു. എന്റെ കുട്ടികള്‍ നിലവിളിച്ചു, പക്ഷേ എന്നെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല'.
കശ്മീരില്‍ നിന്ന് സൈന്യത്തിന്റെ ക്രൂരതകള്‍ വിളിച്ചോതുന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഇന്നും നിത്യ സംഭവമാണ്. കഴിഞ്ഞ മാസം മൂന്ന് തൊഴിലാളികളെ സൈന്യം പിടിച്ചുകൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികത്തിനായിരുന്നു ഈ കൊടുംക്രൂരതയെന്ന് അതിന് നേതൃത്വം കൊടുത്ത സൈനിക ഉദ്യോ?ഗസ്ഥന്‍ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.