'ഗഫൂര്‍ ഹാജിയെ പ്രത്യേകവസ്ത്രം ധരിപ്പിച്ച് ചുമരില്‍ തലയിടിപ്പിച്ചു കൊന്നു' ജിന്നുമ്മയുടെ ക്രൂരതകള്‍ ചുരുളഴിയുന്നു

മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഗഫൂര്‍ ഹാജി തന്നോട് 19 പവന്‍ ആഭരണങ്ങള്‍ വാങ്ങിയെന്ന് ഒരു ബന്ധു തൊട്ടടുത്ത ദിവസം കുടുംബത്തെ അറിയിച്ചിരുന്നു.

Update: 2024-12-05 11:56 GMT

കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലിസ്. ആഭിചാര ക്രിയകളുടെ ഭാഗമായി ഗഫൂര്‍ ഹാജിയുടെ തലയില്‍ പ്രത്യേകവസ്ത്രം ധരിപ്പിച്ച് ചുവരില്‍ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മന്ത്രവാദിനിയും ജിന്നുമ്മ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന ഷമീമയും സംഘവും ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറില്‍ നിന്ന് നൂറുകണക്കിന് പവന്‍ സ്വര്‍ണം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ ആഭിചാര ക്രിയയെന്ന പേരില്‍ വസ്ത്രം ധരിപ്പിച്ച് തല ചുമരില്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നു എന്ന് പോലിസ് വിശദീകരിക്കുന്നു. ഷമീമയുടെ ഭര്‍ത്താവ് ഉബൈദാണ് കേസിലെ ഒന്നാം പ്രതി. ഷമീമയാണ് രണ്ടാം പ്രതി. അസ്‌നീഫ (34), ആയിഷ (40) എന്നിവരാണ് മൂന്നും നാലും പ്രതികള്‍.



ഷമീമ എന്ന ജിന്നുമ്മ

2023 ഏപ്രില്‍ 13ന് അര്‍ധരാത്രിയാണ് ഗഫൂര്‍ ഹാജിയുടെ മരണം നടന്നതെന്നായിരുന്നു പോലീസിന്റെ നിഗമനം. വൈകീട്ടുവരെ വീട്ടില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ശരീഫയും മകളും മരുമകളും ഒപ്പമുണ്ടായിരുന്നു. മരുമകള്‍ അവരുടെ വീട്ടിലേക്കും ഭാര്യയും മകളും മേല്‍പ്പറമ്പിലെ ബന്ധുവീട്ടിലേക്കും പോയി. റമദാന്‍ മാസമായതിനാല്‍ നോമ്പുതുറയ്ക്ക് വരില്ലെന്നും പുലര്‍ച്ചെ അത്താഴത്തിന് മേല്‍പ്പറമ്പിലെ വീട്ടിലെത്താമെന്നുമാണ് ഗഫൂര്‍ ഹാജി ഭാര്യയോടു പറഞ്ഞത്.

പറഞ്ഞ സമയത്ത് കാണാതായപ്പോള്‍ ശരീഫ ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കാത്തതിനാല്‍ സഹോദരപുത്രന്‍ ബദറുദ്ദീനെ ഫോണില്‍ വിളിച്ചുപറഞ്ഞു. ഏപ്രില്‍ 14ന് പുലര്‍ച്ചെ നാലേമുക്കാലോടെ ബദറുദ്ദീന്‍ വീട്ടിലെത്തി. വാതില്‍ അടച്ചിരുന്നുവെങ്കിലും പൂട്ടിയിരുന്നില്ല. കിടപ്പുമുറിയില്‍ മലര്‍ന്നുകിടക്കുന്ന ഗഫൂര്‍ ഹാജിയെ വിളിച്ചെങ്കിലും ഉണര്‍ന്നില്ല.

ബദറുദ്ദീന്‍ ഉടന്‍ ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. അതിനിടെ ഭാര്യയും മറ്റു ബന്ധുക്കളുമെല്ലാമെത്തി. സാധാരണ കിടക്കാറുള്ള കിടപ്പുമുറിയിലല്ല മരിച്ചുകിടന്നതെന്നും മുഖത്ത് നീലനിറം ഉണ്ടായിരുന്നെന്നും ആദ്യം മൃതദേഹം കണ്ടവരെല്ലാം പറഞ്ഞു. എന്നാലും സ്വാഭാവികമരണമാണെന്ന ധാരണയില്‍ മൃതദേഹം ഖബറടക്കി.

മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഗഫൂര്‍ ഹാജി തന്നോട് 19 പവന്‍ ആഭരണങ്ങള്‍ വാങ്ങിയെന്ന് ഒരു ബന്ധു തൊട്ടടുത്ത ദിവസം കുടുംബത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെ നിരവധി ബന്ധുക്കളും സമാനമായ കാര്യം കുടുംബത്തോട് പറഞ്ഞു. 50 പവനാണ് ചോദിച്ചതെന്നും എന്നാല്‍ കൈയിലുണ്ടായിരുന്ന 19 പവനേ കൊടുക്കാന്‍ പറ്റിയുള്ളൂവെന്നും ആദ്യം ഇക്കാര്യം വെളിപ്പെടുത്തിയ ബന്ധു പറഞ്ഞു.

ഇങ്ങനെ നിരവധി ബന്ധുക്കള്‍ പറഞ്ഞതോടെയാണ് വീട്ടുകാര്‍ക്ക് സംശയം വന്നത്. ഗള്‍ഫിലും മറ്റും നിരവധി ബിസിനസുകളുള്ള കോടിപതിയായ ഗഫൂര്‍ഹാജി എന്തിനാണ് കടം വാങ്ങുന്നതെന്ന സംശയം ഉയര്‍ന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 596 പവന്‍ സ്വര്‍ണം കാണാനില്ലെന്നും മനസിലായി. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് കേസെടുത്ത് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പരിശോധന നടത്തിയത്. തലയില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. ഇത് കേസില്‍ ഏറെ നിര്‍ണായകമായി.

ജിന്നുമ്മയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസംകൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹനവായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. മരിച്ച ഗഫൂര്‍ ഹാജിയും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു.

ഗഫൂറില്‍നിന്നു മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതോടെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായി. പലതരം ആഭിചാരക്രിയകള്‍ നടത്തി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം ഷമീമയും സംഘവും തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. മറ്റു രണ്ട് മോഷണക്കേസുകളിലും ഷമീമ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Similar News