ജമ്മുവില്‍ അവസാന അടവുമായി ബിജെപി; അഞ്ച് എംഎല്‍എമാരെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് ലെഫ്. ഗവര്‍ണര്‍; വന്‍ പ്രതിഷേധം

90 എംഎല്‍എമാര്‍ക്കു പുറമെയായിരിക്കും ഈ അംഗങ്ങള്‍. ഇതോടെ നിയമസഭയിലെ അംഗബലം 95 ആയി ഉയരും. ഭൂരിപക്ഷം 48 ആയിരിക്കും.

Update: 2024-10-08 05:31 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ അഞ്ച് എംഎല്‍എമാരെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക വിമര്‍ശനം. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി പ്രയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ലെഫ്. ഗവര്‍ണര്‍ക്ക് ഇത്തരം അധികാരങ്ങള്‍ നല്‍കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം 2019 , ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) നിയമം 2023 എന്നിവ പ്രകാരമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നാമനിര്‍ദേശം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട 90 എംഎല്‍എമാര്‍ക്കു പുറമെയായിരിക്കും ഈ അംഗങ്ങള്‍. ഇതോടെ നിയമസഭയിലെ അംഗബലം 95 ആയി ഉയരും. ഭൂരിപക്ഷം 48 ആയിരിക്കും.

നടപടി 'ജനാധിപത്യ വിരുദ്ധമാണെന്ന്' കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ജനഹിതത്തെ അട്ടിമറിക്കലാണെന്നും ബിജെപി നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുമെന്നുമാണ് ബിജെപി ഇതര പാര്‍ട്ടികളുടെ വാദം. നീക്കത്തെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, അത്തരത്തിലുള്ള ഏതൊരു നീക്കവും ജനാധിപത്യത്തിനും ജനവിധിയ്ക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും മേലുള്ള കടന്നാക്രമണമാണെന്ന് കുറ്റപ്പെടുത്തി. നാമനിര്‍ദ്ദേശം നടന്നാല്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തന്നെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതാണ് വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചത്. ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക് പ്രത്യേക അധികാരം നല്‍കിയത് ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് സഹായിക്കുമെന്നാണ് പ്രധാന വിമര്‍ശനം. നീക്കം ബിജെപിയുടെ തന്ത്രമാണെന്നും ഗവര്‍ണര്‍ മുഖേന അഞ്ച് എംഎല്‍എമാരെ ബിജെപിക്ക് നിര്‍ദേശിക്കാനാകുമെന്നത് ആശങ്കാജനകമാണെന്ന് ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും പറയുന്നു.

ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം 2019 അനുസരിച്ച്, നിയമസഭയില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് രണ്ട് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാം. നിയമത്തിലെ 2013 ജൂലൈയിലെ ഭേദഗതി അനുസരിച്ച്, ഈ രണ്ടിന് പുറമെ രണ്ട് കുടിയേറ്റ കശ്മീരി പണ്ഡിറ്റുകള്‍ ഉള്‍പ്പെടെ, മൂന്ന് അംഗങ്ങളെ കൂടി നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം ലഭിച്ചിട്ടുണ്ട്. അവരില്‍ ഒരാള്‍ കാശ്മീരി കുടിയേറ്റ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീയും മറ്റൊരാള്‍ പാക് അധീന ജമ്മു കശ്മീരില്‍നിന്ന് കുടിയിറക്കപ്പെട്ട ആളും ആയിരിക്കണം.




Tags:    

Similar News