കെ റെയില്‍; ശാസ്ത്ര സാഹിത്യ പരിഷത്ത് തീവ്ര ഇടതുപക്ഷക്കാരുടെ പിടിയില്‍: സിപിഎം
ലോകത്താകെ ഇത്തരക്കാരുടെ മുന്നേറ്റമുണ്ട്. സ്റ്റാലിനെ മുന്‍നിര്‍ത്തി, റഷ്യയിലുള്‍പ്പെടെ തീവ്ര ഇടതുപക്ഷം വളരുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാകാം പരിഷത്തില്‍ കാണുന്നതെന്നും സിപിഎം നേതാവ് പ്രതികരിച്ചു.
ആലപ്പുഴ: കെ റെയില്‍ പ്രതിഷേധങ്ങള്‍ക്കിടെ ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരേ രൂക്ഷ പ്രതികരണവുമായി സിപിഎം. പരിഷത്തിലെ ഒരു വിഭാഗം തീവ്ര ഇടതുപക്ഷക്കാരുടെ പിടിയിലായതായി സംശയിക്കുന്നെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
ലോകത്താകെ ഇത്തരക്കാരുടെ മുന്നേറ്റമുണ്ട്. സ്റ്റാലിനെ മുന്‍നിര്‍ത്തി, റഷ്യയിലുള്‍പ്പെടെ തീവ്ര ഇടതുപക്ഷം വളരുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാകാം പരിഷത്തില്‍ കാണുന്നതെന്നും സിപിഎം നേതാവ് പ്രതികരിച്ചു.
'അശാസ്ത്രീയതയുടെ പ്രചാരകരായ പരിഷത്ത് മാറിയിരിക്കുകയാണ്. കടം, കടഭാരം എന്നിവ സംബന്ധിച്ച് പരിഷത്ത് തെറ്റിദ്ധാരണ പരത്തുന്നു. കേരളത്തെ രണ്ടായി വിഭജിക്കുമെന്നും നീരൊഴുക്ക് തടസപ്പെടുത്തുമെന്ന് പ്രചരിപ്പിക്കുകയാണ്. റെയില്‍വേ വികസനത്തിന് തടസം സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മയാണെന്ന് പരിഷത്ത് വാദിക്കുന്നു,' ഇത് ജമാ അത്തെ ഇസ്‌ലാമി, ആര്‍എസ്എസ്, കോണ്‍ഗ്രസ് സംഘടനകള്‍ ആയുധമാക്കുകയാണെന്നും നാസര്‍ ആരോപിച്ചു.
കെ റെയില്‍ പദ്ധതിയുടെ പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക പ്രതിഫലനങ്ങള്‍ ചൂണ്ടിക്കാട്ടി പരിഷത്ത് പുറത്തിറക്കിയ ലഘുലേഖകളും കുറിപ്പുകളും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കപ്പെട്ടിരുന്നു. സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പ്പാത ദൂരവ്യാപക പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കും, സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും, അതിവേഗ ഗതാഗതത്തിന് കെ റെയില്‍ പദ്ധതിയേക്കാള്‍ മെച്ചപ്പെട്ട ബദല്‍ മാര്‍ഗങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് പരിഷത്ത് ചൂണ്ടിക്കാട്ടുന്നത്.