കെ റെയില്‍;തല്ല് സ്വാഭാവിക പ്രതികരണം മാത്രം,തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുത്:കോടിയേരി

ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുമ്പോള്‍ സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം ഉണ്ടാകും

Update: 2022-04-26 05:59 GMT

കോഴിക്കോട്:കണ്ണൂരില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും,തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുതെന്നുമായിരുന്നു കോടിയേരിയുടെ മുന്നറിയിപ്പ്.

കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണ്. റെയില്‍ കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം ഉണ്ടാകും.തല്ല് ഒന്നിനും പരിഹാരമാകില്ല,എങ്കിലും തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

സ്ഥലമുടമസ്ഥരുടെ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവര്‍ക്ക് ബദല്‍ സൗകര്യം കൊടുക്കും. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കിക്കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരേയുള്ള ചോദ്യങ്ങള്‍ക്ക് ജോസഫ് സി മാത്യു ആരാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം.സംവാദത്തില്‍ ആരെയൊക്കെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ അല്ല,കെ റെയില്‍ ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.




Tags:    

Similar News