കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: വിധാന്‍സൗധയില്‍ നാടകീയ രംഗങ്ങള്‍, രാജിവെച്ച എംഎല്‍എയെ പൂട്ടിയിട്ടു

കെ സുധാകറിനെയാണ് മന്ത്രി കെ ജെ ജോര്‍ജിന്റെ മുറിയില്‍ പൂട്ടിയിട്ടത്. സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ച് പോകാനൊരുങ്ങവെയാണ് ഇദ്ദേഹത്തെ പൂട്ടിയിട്ടത്.

Update: 2019-07-10 14:29 GMT

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജി സമര്‍പ്പിച്ചതോടെ വിധാന്‍സൗധയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എംഎല്‍എയെ കോണ്‍ഗ്രസ് നേതാക്കള്‍ പൂട്ടിയിടുകയായിരുന്നു. കെ സുധാകറിനെയാണ് മന്ത്രി കെ ജെ ജോര്‍ജിന്റെ മുറിയില്‍ പൂട്ടിയിട്ടത്. സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ച് പോകാനൊരുങ്ങവെയാണ് ഇദ്ദേഹത്തെ പൂട്ടിയിട്ടത്.

കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എംഎല്‍എയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് എംഎല്‍എയെ പൂട്ടിയിടുകയായിരുന്നു. സംഭവം അറിഞ്ഞ് ബിജെപി നേതാക്കളും പോലിസും സംഭവ സ്ഥലത്ത് എത്തിയെങ്കിലും മുറി തുറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടാക്കിയില്ല.കോണ്‍ഗ്രസ് എംഎല്‍എമാരായ കെ സുധാകറും എംടിബി നാഗരാജുവും ഇന്ന് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചിരുന്നു. ഇതോടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം 16 ആയി.

അതേസമയം, ആരുടെയും രാജി സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. പല രാജിക്കത്തുകളും ശരിയായ ഫോര്‍മാറ്റിലുള്ളതോ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതോ അല്ലെന്നും എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ആരുടെയും രാജി അംഗീകരിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന രാജിവെച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് നേതാവ്

ഡി കെ ശിവകുമാര്‍ മുംബൈയിലെത്തിയെങ്കിലും എംഎല്‍എമാരെ കാണാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ മുംബൈ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് ഇദ്ദേഹത്തെ തടയുകയായിരുന്നു.

ഇതോടെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടലിന് പുറത്ത് ആറ് മണിക്കൂറോളം ഡികെ ശിവകുമാര്‍ മഴയ പോലും അവഗണിച്ച് നിന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലിസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

Tags:    

Similar News