സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് കെ സുധാകരന്‍; കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം
രാവിലെ 10.30ഓടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ സുധാകരന് ഉജ്ജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ബുധനാഴ്ച രാവിലെ 10.30ഓടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ സുധാകരന് ഉജ്ജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഔദ്യോഗികമായി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും തത്വത്തില്‍ അംഗീകാരമായ സ്ഥിതിക്ക് സ്വീകരണത്തിനു നന്ദി പറയുന്നുവെന്നും ഒരിക്കല്‍ കൂടി മല്‍സരിക്കാനും ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പിടിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മല്‍സരിക്കുന്നത്. കണ്ണൂര്‍ തിരിച്ചുപിടിക്കാനാവുമെന്ന് തന്നെയാണ് പൂര്‍ണ വിശ്വാസം. അത് വെളിവാക്കുന്നതാണ് ഈ സ്വീകരണത്തിലെ ജനപങ്കാളിത്തം. ബാക്കിയുള്ള കാര്യങ്ങളെല്ലാം നേതാക്കള്‍ വ്യക്തമാക്കും. ഇനി വിശ്രമമില്ലാത്ത ദിവസങ്ങളാണെന്നും സുധാകരന്‍ പറഞ്ഞു. നേരത്തേ, സുധാകരന്‍ മല്‍സരിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കണമെന്നും നിര്‍ണായക തിരഞ്ഞെടുപ്പായതിനാല്‍ ജയസാധ്യതയുള്ളവര്‍ തന്നെ രംഗത്തിറങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് കണ്ണൂരില്‍ സുധാകരനു തന്നെ നറുക്ക് വീണത്. സിപിഎം സിറ്റിങ് എംപി പി കെ ശ്രീമതിയെ തന്നെയാണ് നിലനിര്‍ത്തിയത്. എസ്ഡിപിഐക്കു വേണ്ടി കഴിഞ്ഞ തവണ 19000ത്തിലേറെ വോട്ടുകള്‍ നേടിയ കെ കെ അബ്ദുല്‍ ജബ്ബാറാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ പി കെ ശ്രീമതിയുടെ ഭൂരിപക്ഷം 6000ത്തിനു മുകളിലാണ്. ബിജെപി ഒഴികെയുള്ള കക്ഷികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കണ്ണൂരില്‍ ഇക്കുറിയും പോരാട്ടം തീപാറുമെന്നുറപ്പ്.