കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ആദ്യം പോസ്റ്റ് ചെയ്തത് ഇടത് ഗ്രൂപ്പുകളിലെന്ന് പോലിസ് കോടതിയില്‍
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പോലിസ് ഹൈക്കോടതിയില്‍. 2024 ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.13ന് റെഡ് എന്‍കൗണ്ടര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും റബീഷ് എന്നയാളാണ് പോസ്റ്റ് ചെയ്തതെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മിനുട്ടുകള്‍ക്കു ശേഷം ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.34ന് റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അമല്‍ റാം എന്നായള്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. വൈകീട്ട് മൂന്നിനാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. അഡ്മിന്‍ മനീഷാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ അബ്ബാസാണ് ഇത് പോസ്റ്റ് ചെയ്തതെന്നും പോലിസ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത റബീഷിനെ ചോദ്യം ചെയ്‌തെങ്കിലും ഉറവിടം അറിയില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്നാണ് പോലിസ് റിപോര്‍ട്ടിലുള്ളത്.
വിവാദമായ കാഫിര്‍ പോസ്റ്റ് വ്യാജമാണെന്നും നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകനല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ... ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വര്‍ഗീയത പറഞ്ഞു വോട്ടുപിടിക്കാന്‍ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോണ്‍ഗ്രസുകാരാ... ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോവുന്നത്?' എന്നായിരുന്നു പോസ്റ്റിലെ അടിക്കുറിപ്പ്. സിപിഎം അനുഭാവമുള്ള അമ്പാടിമുക്ക് സഖാക്കള്‍, കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്. ഇത് വന്‍തോതില്‍ പ്രചരിച്ചതോടെ വിവാദമായി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ കെ കെ ലതിക ഉള്‍പ്പെടെയുള്ളവര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദ് കാസിം തന്നെ ഇത് വ്യാജമാണെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും പോലിസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഒരു ഡസനിലേറെ പേരുടെ മൊഴിയെടുക്കുകയും കാസിമിന്റെയും സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതികയുടെ ഉള്‍പ്പെടെ ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഏറെ വിവാദമായ കേസില്‍ ഇപ്പോഴും യഥാര്‍ഥ പ്രതി ആരാണെന്ന് പോലിസ് തുറന്നുപറയുകയോ അവര്‍ക്കെതിരേ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.